സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായിട്ട് രണ്ടു വർഷം കഴിഞ്ഞു. വിവാഹശേഷം ആദ്യമായി ബിന്ദുവുമായുളള സ്നേഹബന്ധത്തെക്കുറിച്ചു മനസു തുറക്കുകയാണ് സായ്‌കുമാർ. എന്റെ എല്ലാം ബിന്ദുവാണെന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ്‌കുമാർ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്‌കുമാർ പറഞ്ഞു.
ബിന്ദു പണിക്കരുടെ മകൾ കല്യാണിയെക്കുറിച്ചും അഭിമുഖത്തിൽ സായ്‌കുമാർ പറഞ്ഞു. ”ഡാൻസും പാട്ടുമാണ് അവൾക്കിഷ്ടം. അവൾ ഇടയ്ക്കിടയ്ക്ക് ടിക്‌ടോക് ചെയ്യാറുണ്ട്. എന്റെയും ബിന്ദുവിന്റെയും സിനിമകളിലെ ഡയലോഗുകൾ ചേർത്തുളള ടിക്‌ടോക് നല്ലതാണെന്നു പലരും പറയാറുണ്ട്. അത് അവളുടെ സന്തോഷമാണ്.”
സായ‌്കുമാറിന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ലൂസിഫറിലെ വർമ്മ സാർ എന്ന കഥാപാത്രം. ഈ സിനിമയിലേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ”ലൂസിഫറിൽ അഭിനയിക്കാൻ വിളിക്കുന്ന സമയത്ത് ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാൽ ഞാനത് ചെയ്യുന്നില്ലെന്നു തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ രാജു (പൃഥ്വിരാജ്) എന്നോടു സംസാരിച്ചു. നടക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ അതാണ് ചേട്ടാ എന്റെ സിനിമയിലെ ക്യാരക്ടറെന്നും നമ്മൾ ഈ സിനിമ ചെയ്യുന്നൂവെന്നും പറഞ്ഞു ഫോൺ വച്ചു. അങ്ങനെയാണ് ലൂസിഫറിൽ അഭിനയിച്ചത്.”
പൃഥ്വിരാജിന്റെ പിതാവ് സുകുമാരനുമായുളള അടുപ്പത്തെക്കുറിച്ചും സായ്‌കുമാർ അഭിമുഖത്തിൽ സംസാരിച്ചു. ”സിനിമ മേഖലയിൽ എനിക്ക് രണ്ടു സഹോദരന്മാരുണ്ട്. സോമേട്ടനും (സോമൻ), സുകുവേട്ടനും (സുകുമാരൻ). സോമേട്ടൻ എനിക്ക് ജ്യോഷ്ഠ സഹോദരനെ പോലെയായിരുന്നു. ഞാനും സുകുവേട്ടനും ഒരു വയസ് വ്യത്യാസമുളള സഹോദരന്മാരെ പോലെയാണ്.