ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കിങ്ങ് ഓഫ് കൊത്ത’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ വെള്ളിയാഴ്ച അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2023 ഓണം റിലീസായി തിയേറ്ററുകളിലെത്തും. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പോസ്റ്റർ പുറത്തുവിട്ടതിനു പിന്നാലെ ദുൽഖറിന്റെ ചിത്രത്തിലെ ലുക്ക് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അനവധി താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലൂടെ പോസ്റ്റർ പങ്കുവച്ചിരുന്നു. നടൻ സൈജു കുറുപ്പും ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചു. ഫെയ്‌സ്ബുക്കിൽ സൈജു പങ്കുവച്ച പോസ്റ്ററിനു താഴെ വന്ന കമന്റും അതിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “സൈജൂ നിങ്ങളുടെ സിനിമ ഒന്നും ഒരു വാക്ക് കൊണ്ട് പോലും പ്രൊമോട്ട് ചെയ്യാത്ത ഇവരെയൊക്കെ എന്തിനാണ് ഇങ്ങനെ പിന്തുണയ്ക്കുന്ന”തെന്നായിരുന്നു കമന്റ്.

“സഹോദരാ, നിങ്ങൾക്ക് തെറ്റി. എന്നെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വളരെ അടുത്ത സുഹൃത്താണ് ഡി ക്യൂ. ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന എന്റെ ചിത്രം നിർമ്മിച്ചത് അദ്ദേഹമായിരുന്നു. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യാതിരിക്കൂ, ആളുകളെ മനസ്സറിഞ്ഞ് സഹായിക്കുന്ന വ്യക്തിയാണ് ഡി ക്യൂ” സൈജു മറുപടി നൽകി.സൈജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റും പോസ്റ്റിനു താഴെ നിറയുകയാണ്.
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തിയ മാളിക്കപ്പുറമാണ് സൈജുവിന്റെ അവസാന റിലീസിനെത്തിയ ചിത്രം.40 ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. 2022ലെ അവസാന റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജിസിസി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.