പതിനെഞ്ച് വർഷങ്ങൾക്കു മുൻപ് ഹരിഹരന്റെ ‘മയൂഖം’ എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്ത മോഹൻദാസിന്റെയും സൈജു കുറിപ്പിന്റെയും സിനിമാ അരങ്ങേറ്റം. വർഷങ്ങൾക്കിപ്പുറം മംമ്തയ്ക്ക് ഒപ്പം വീണ്ടുമൊരു ചിത്രത്തിൽ സ്ക്രീൻ പങ്കിടുമ്പോൾ ‘മയൂഖ’കാലം ഓർക്കുകയാണ് സൈജു കുറുപ്പ്.
“15 വർഷം മുമ്പ് ഞങ്ങൾ കുട്ടികളായിരുന്നു, വിദ്യാർത്ഥികളായിരുന്നു, ഹരിഹരൻ സാറിന്റെ ‘മയൂഖ’ത്തിൽ അഭിനയിക്കുമ്പോൾ. 15 വർഷങ്ങൾക്കിപ്പുറം ഞങ്ങൾ വീണ്ടുമൊന്നിക്കുന്നു, കുറച്ചുകൂടി പരിചയസമ്പന്നരായി, കുറച്ചു കൂടി വളർന്ന്, ഏറെ പോരാട്ടങ്ങൾ നടത്തി, കൂടുതൽ കാര്യങ്ങൾ പഠിച്ചിരിക്കുന്നു. ഒന്നിച്ചെത്തുമ്പോൾ ഓർമ്മകളും ഓടിയെത്തുന്നു. വീണ്ടും ഒന്നിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം മംമ്ത,” സൈജു കുറുപ്പ് കുറിക്കുന്നു.
ടൊവിനോ തോമസിനെ നായകനാക്കി അനസ് ഖാനും ‘സെവൻത് ഡേ’യുടെ തിരക്കഥാകൃത്തായ അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഫോറൻസിക്’ എന്ന ചിത്രത്തിലാണ് മംമ്തയും സൈജു കുറുപ്പും ഒരുമിക്കുന്നത്. ടൊവിനോയുടെ നായികയായാണ് മംമ്ത മോഹന്‍ദാസാണ് എത്തുന്നത്. ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ജുവിസ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read more: ‘ഈ മനുഷ്യനൊരു മാറ്റവും ഇല്ലല്ലോ’; ഫെയ്‌സ് ആപ്പിൽ മമ്മൂട്ടിക്കൊപ്പം മംമ്തയും