മലയാള സിനിമയിൽ വളരെയധികം സജീവമായ താരമാണ് സൈജു കുറുപ്പ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടാൻ സൈജുവിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വളരെ രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ്. ഒരു ട്രോൾ പേജിൽ വന്ന പോസ്റ്റാണ് സൈജു ഷെയർ ചെയ്തത്.
“നമുക്ക് അഭിമാനിക്കാം, മലയാള സിനിമയ്ക്ക് സ്വന്തമായി ഒരു ടെറ്റ് സ്റ്റാർ ഉണ്ടെന്നതിൽ. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ” എന്നാണ് പോസ്റ്റിന്റെ അടികുറിപ്പ്. സൈജു അഭിനയിച്ച ചിത്രങ്ങളായ മേപ്പടിയാൻ, മാളിക്കപ്പുറം, മേൻ ഹൂം മൂസ, 12ത്ത് മാൻ, സാറ്റർഡേ നൈറ്റ്, തീർപ്പ്, ഒരുത്തീ എന്നിവയിൽ കടം കൊണ്ട് ബുദ്ധിമുട്ടുന്ന കഥാപാത്രമായിട്ടാണ് താരം വേഷമിടുന്നത്. വളരെ വ്യത്യസ്തമായ ഈ ട്രോൾ പങ്കുവച്ച് നല്ലൊരു നിരീക്ഷണമാണത് എന്നാണ് താരം കുറിച്ചത്.
“ജീവിതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല, പക്ഷെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇഷ്ടം പോലെ കടം മേടിച്ചു” സൈജു കുറിച്ചു. ട്രോളിനെ അതിന്റെ സെൻസിൽ തന്നെയെടുത്ത താരത്തിനു അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
ആദിത്യൻ ചന്ദ്രശേഖറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘എങ്കിലും ചന്ദ്രികേ’ ആണ് സൈജു അവസാനമായി അഭിനയിച്ച ചിത്രം. സുരാജ്, ബേസിൽ , നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ ചിത്രം ‘മാളിക്കപ്പുറ’ത്തിലും ശ്രദ്ധേമായ വേഷം സൈജു ചെയ്തിരുന്നു. ഹോട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.