വളരെ ചുരിങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്. സഹപ്രവര്‍ത്തകരായ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയൻ എന്നു വിളിക്കുന്ന മസില്‍മാനായി സിനിമയില്‍ എത്തിയ ഉണ്ണിയിന്ന് നായകനായും നിര്‍മ്മാതാവായും തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോഴിതാ, ഉണ്ണിയെ പറ്റി നടന് സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. “ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്”. എന്നിങ്ങനെ ഉണ്ണിയുടെ ചിത്രത്തോടൊപ്പം 2015 ല്‍ ഇട്ട പോസ്റ്റാണ് ഉണ്ണി റീഷെയര്‍ ചെയ്തിരിക്കുന്നത്. “എല്ലാ പ്രോത്സാഹനത്തിനും നന്ദി സഹോദരാ,” എന്നാണ് ഉണ്ണി കുറിക്കുന്നത്.
കഴിഞ്ഞ ദിവസം, ജെ സി ഡാനിയേൽ പുരസ്കാര പ്രഖ്യാപനവേളയിൽ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉണ്ണി മുകുന്ദന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉണ്ണിയുടെ പുതിയ ഇൻസ്റ്റഗ്രാം കുറിപ്പ്.
“മികച്ച നടനുള്ള ജൂറി അവാർഡ് ഇന്ന് ലഭിച്ചു. പ്രിയപ്പെട്ട സഹോദരൻ സൈജു കുറിപ്പ് പ്രോത്സാഹജനകമായ ഈ വാക്കുകൾ പോസ്റ്റ് ചെയ്തത് 2015 ജൂലൈ 19നാണ്. 2022 ജൂലൈ 19ന് അദ്ദേഹത്തോടൊപ്പം ഞാൻ ചെയ്ത ഒരു സിനിമയ്ക്ക് മികച്ച നടനുള്ള പുരസ്കാരം എന്നെ തേടിയെത്തി. എപ്പോഴും എന്നിൽ വിശ്വസിച്ചതിന് ഒരുപാട് നന്ദി,” ഉണ്ണി കുറിച്ചു.
പോസ്റ്റിനു താഴെ നടിമാരായ അദിതി രവി, രചന നാരായണൻകുട്ടി, നൈല ഉഷ, ശിവദ, അനുശ്രീ, നടന്മാരായ സണ്ണി വെയ്ൻ, ടൊവിനോ തോമസ്, പത്മസൂര്യ, ഗായകരായ സിദ്ധാർത്ഥ്, മഞ്ജരി, വിജയ് യേശുദാസ് എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായ് നല്ല ബന്ധം നിലനിര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്. ഇടയ്ക്ക് ആരാധകരുടെ കമന്റുകള്‍ക്ക് താരം രസകരമായ മറുപടികള്‍ കൊടുക്കാറുണ്ട്. അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ ഷെഫീക്കിന്റെ സന്തോഷ’മാണ് ഉണ്ണിയുടെ പുതിയ ചിത്രം. ഉണ്ണി മുകുന്ദന് പ്രേഡക്ഷന്സിന്റെ രണ്ടാമത്തെ ചിത്രം എന്ന് പ്രത്യേകത കൂടി ഇതിനുണ്ട്.