സോഷ്യൽ മീഡിയയുടെ പ്രിയ താരമാണ് സെയ്‍ഫ്- കരീന താരദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. തൈമൂറിന് പിന്നാലെ ആരാധകരുടെ ലാളന ഏറ്റുവാങ്ങുകയായിരുന്നു സോഹ അലി ഖാന്റെ മകള്‍ ഇനായ നൗമി കെമ്മു. ഇരുവരും ചേര്‍ന്നുളള ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ആഘോഷമാക്കി ഷെയര്‍ ചെയ്‌തിരുന്നു. എന്നാല്‍ ഇരുവരും ചേര്‍ന്നുണ്ടാകുന്ന സമയം സെയ്‌ഫ് അലി ഖാന് ആധിയാണെന്നാണ് അദ്ദേഹം പറയുന്നത്.

‘വീട്ടില്‍ അവര് രണ്ട് പേരും ഒന്നിച്ചാണ് കളിക്കുന്നത്. അവള്‍ വളരെ ചെറുതും മാര്‍ദ്ദവവുമുളള കുട്ടിയാണ്. അതേസമയം തൈമൂര്‍ ഒരു ചട്ടമ്പിയാണ്. എന്നാല്‍ ചുറ്റിലും നിരവധി പേരുളളത് കൊണ്ട് പേടിക്കേണ്ട കാര്യമില്ല. അവനൊരു ഗുണ്ടയാണ്. അവളുടെ മുടി അവന്‍ പിടിച്ചു വലിക്കരുതേ എന്നാണ് ഞാന്‍ ആഗ്രഹിക്കാറുളളത്’, സെയ്‌ഫ് പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.

തൈമൂറും ഇനായയും ഒരുമിച്ച് നല്ല സുഹൃത്തുക്കളായി വളരട്ടേയെന്നാണ് സോഹ ഈയടുത്ത് പറഞ്ഞത്. ‘എനിക്കും ഏട്ടനും (സെയ്ഫ്) എട്ട് വയസിന്റെ വ്യത്യാസം ഉണ്ട്. എന്നാല്‍ തൈമൂറും ഇനായയും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസം മാത്രമാണുളളത്. ഉറ്റ സുഹൃത്തുക്കളായി സ്‌നേഹത്തോടെ അവര്‍ വളരട്ടേയെന്നാണ് എന്റെ ആഗ്രഹം. ഒരു വയസിന് മൂത്തയാള്‍ ആയത് കൊണ്ട് തന്നെ ഇനായയുടെ ഏട്ടനായി അവളെ സംരക്ഷിച്ച് എപ്പോഴും കൂടെയുണ്ടാവും’, സോഹ പറഞ്ഞു.

തൈമൂര്‍ കഴിഞ്ഞ മാസം മുതല്‍ നഴ്‌സറി സ്‌കൂളില്‍ പോയി തുടങ്ങിയിട്ടുണ്ട്. പക്ഷേ സ്‌കൂളിനകത്തേയ്‌ക്ക് കയറാന്‍ കക്ഷിക്ക് വലിയ താൽപര്യമില്ല. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സ്‌കുളിന് അകത്തേയ്‌ക്ക് കയറ്റാന്‍ അമ്മ കരീനയും ആയയും ശ്രമിക്കുമ്പോഴും തൈമൂര്‍ അവരെ പുറത്തേ പുല്‍തകിടിയിലേയ്‌ക്ക് പോകാന്‍ വലിക്കുകയാണ്. ഒടുവില്‍ ബലമായി അകത്തെത്തിക്കുമ്പോള്‍ വീണു പോകുന്നതും വീഡിയോയില്‍ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ