വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് ബോളിവുഡ് താര ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂർ ഖാനും. 2012 ഒക്ടോബർ 12നായിരുന്നു ഇരുവരുടെയും വിവാഹം. വാഹ വാർഷിക വേളയിൽ കരീനയെ കുറിച്ചും തങ്ങളുടെ ബന്ധത്തെകുറിച്ചും സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇൻക്രെഡിബിൾ വുമൺ എന്നാണ് സെയ്ഫ് കരീനയെ വിശേഷിപ്പിക്കുന്നത്. തന്നെ കുറിച്ച് എന്താണ് മറ്റുള്ളവർ പറയുന്നത് എന്നറിയാൻ വേണ്ടി മാത്രം സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് കരീന തമാശയായി പറയാറുണ്ടെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.
വൈകാരികപരമായ കാര്യങ്ങളിലൊക്കെ കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കരീനയുടെ കഴിവിനെ പ്രശംസിക്കുകയാണ് സെയ്ഫ്. “തന്റെ ജീവിതവും മുൻണനകളും ബാലൻസ് ചെയ്തുതന്നെ മുന്നോട്ട് കൊണ്ടുപോകാൻ അവൾക്ക് കഴിയുന്നു. കരീന അവളുടെ സുഹൃത്തുക്കളുമായി വളരെ നല്ലൊരു ബന്ധം നിലനിർത്തുന്നുണ്ട്. സുഹൃത്തുക്കളുമായുള്ള വൈകുന്നേരങ്ങൾ എത്ര ശ്രദ്ധയോടെയാണ് അവൾ തീരുമാനിക്കുന്നതെന്ന് ഞാൻ കണ്ടിട്ടുണ്ട്. മികച്ച പെരുമാറ്റമാണ് അവളുടെ പ്ലസ്, ” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞു.
വ്യക്തികൾ എന്ന രീതിയിൽ ഒരുമിച്ച് വളരാൻ സാധിച്ചത് ഭാഗ്യമാണെന്നും സെയ്ഫ് കൂട്ടിച്ചേർക്കുന്നു. “എങ്ങനെ സമയം കൈകാര്യം ചെയ്യണമെന്നും കുടുംബമായിട്ടുള്ള അവധിദിനങ്ങൾ എങ്ങനെ സംഘടിപ്പിക്കണമെന്നും, എപ്പോഴാണ് എന്റെ പൂർവികരുടെ നാടായ പട്ടൗഡിയിലേക്ക് പോകേണ്ടത്, എപ്പോഴാണ് ലണ്ടനിലേക്ക് പോകേണ്ടത്, എന്നൊക്കെയാണ് വെറുതെ വീട്ടിൽ ഇരുന്ന് പിസ്സയുണ്ടാകേണ്ടത് എന്നുള്ളതെല്ലാം അവൾ എനിക്ക് പഠിപ്പിച്ചു തന്നു. ഏറ്റവും മികച്ച പത്തു വർഷങ്ങളായിരുന്നു ഇത്, ഒരുപാട് അനുഗ്രഹവും ഭാഗ്യവും കിട്ടിയത് പോലെ തോന്നുന്നു.”
സ്വന്തമായൊരു സ്പേസ് ഉണ്ടാകുക എന്നതാണ് വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യമെന്നാണ് സെയ്ഫ് പറയുന്നത്. “നമ്മുടെ താല്പര്യങ്ങൾക്ക് വില കൊടുക്കുകയെന്നതും പ്രധാനമാണ്. തിരക്കേറിയ ജോലി കാരണം ‘ഒരുമിച്ച് സമയം പങ്കിടുന്നതിനൊപ്പം ഇരുവർക്കും വേണ്ടുന്ന സ്പേസ് നൽകുക’ എന്നത് കുറച്ച് ബുദ്ധിമുട്ടാണ്, എങ്കിൽ പോലും ഇരുവരും സിനിമകൾ ചെയ്യുന്നതിനും വീട്ടിൽ ഒരുമിച്ച് പിസ്സ ഉണ്ടാകുന്നതിനും തുല്യ പ്രാധാന്യം കൊടുക്കുന്നു.”
സെയ്ഫിനോടും കരീനയോടുമുള്ള ഇഷ്ടം തന്നെ മക്കളായ തൈമൂറിനോടും ജെഹിനോടും ആരാധകർ കാണിക്കാറുണ്ട്. പാപ്പരാസികൾ വിടാതെ പിൻതുടരുന്ന താരകുടുംബം കൂടിയാണ് സെയ്ഫിന്റേത്. “സ്വകാര്യത ചില സമയങ്ങളിൽ പ്രശ്നമാകാറുണ്ട്. അതുകൊണ്ടാണ് ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര ചെയത് കുടുംബവുമായി സ്വകാര്യ സമയം ചിലവഴിക്കുന്നത്, ” സെയ്ഫ് കൂട്ടിച്ചേർത്തു.
“ഞാനും നീയും, അനശ്വരതയില്ലേക്ക് നമ്മൾ സഞ്ചരിക്കുന്നു. പത്താം വിവാഹവാർഷിക ആശംസകൾ,” ഇരുവരും ചേർന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കരീന ഇൻസ്റ്റാഗ്രാമിൽ കുറിച്ചതിങ്ങനെ.