ബോളിവുഡ് താരങ്ങൾ എവിടെ പോയാലും സെൽഫി എടുക്കാൻ ചുറ്റും നിരവധി പേരുണ്ടാവും. ചിലപ്പോഴൊക്കെ ഈ സെൽഫി താരങ്ങൾക്ക് തലവേദനയായി മാറാറുണ്ട്. സെയ്ഫ് അലി ഖാനും കരീന കപൂറിനും ഇതേ അവസ്ഥയാണുണ്ടായത്.
വിമാനത്താവളത്തിൽനിന്നും പുറത്തേക്കു വരുമ്പോഴാണ് സെയ്ഫിന്റെ കുടുംബത്തെ ആരാധകർ വളഞ്ഞത്. സെയ്ഫിനെയും കരീനയെയും മകൻ തൈമൂറിനെയും കണ്ടതും ആരാധകർ സെൽഫിയെടുക്കാനായി ഓടിക്കൂടുകയായിരുന്നു. ചിലർക്കൊപ്പം നിന്നു സെൽഫി പകർത്തിയശേഷം സെയ്ഫും കരീനയും നടന്നുനീങ്ങി. പക്ഷേ സെയ്ഫിനും കരീനയ്ക്കും പിന്നാലെ സെൽഫിയെടുക്കാനായി ആരാധകർ വീണ്ടുമെത്തി. തൈമൂറുമായി സെയ്ഫ് നടന്നുനീങ്ങുമ്പോഴും ഫോണിൽ സെൽഫി പകർത്താനായി ആരാധകർ തിടുക്കം കൂട്ടി. ഇതിനിടയിൽ കരീന ആരാധകർക്കിടയിൽ പെട്ടുപോവുകയും ചെയ്തു. ഏറെനേരം അവർക്കൊപ്പംനിന്നു കരീന സെൽഫിയെടുത്തു.
ഈ സമയം തൈമൂറാകട്ടെ ‘മോം’ എന്നു ഇടയ്ക്കു വിളിക്കുന്നുണ്ടായിരുന്നു. ആരാധകർക്കിടയിൽനിന്നും രക്ഷപ്പെടുന്നതിനായി സെയ്ഫ് വളരെ വേഗം നടന്നു. പക്ഷേ സെയ്ഫിന്റെ വേഗതയ്ക്കൊപ്പം ആരാധകരും ഒപ്പം കൂടി. ഇതോടെ നിയന്ത്രണം വിട്ട സെയ്ഫ് സെൽഫിയെടുക്കാനെത്തിയ ചിലരുടെ കൈകൾ തട്ടിമാറ്റുകയും ചെയ്തു. ആരാധക ശല്യത്താൽ വളരെ അസ്വസ്ഥനായിരുന്നു സെയ്ഫ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നത്. വീഡിയോ കണ്ട പലരും ആരാധകരെയാണ് കുറ്റപ്പെടുത്തിയത്. ചില സമയം ആരാധകർ അതിരുവിടാറുണ്ട്. സെയ്ഫിന്റെ കൂടെ മകനും ഉണ്ടായിരുന്നു. അതിനാൽ തന്നെ അദ്ദേഹം സെൽഫിയെടുക്കുന്നതിൽ താൽപര്യപ്പെട്ടിരുന്നില്ല. താരങ്ങളുടെ സ്വകാര്യതയെ ആരാധകർ മാനിക്കണമെന്നാണ് പലരും കമന്റ് ചെയ്തത്.