സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ മകൻ ജെയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ആഘോഷത്തിനിടയിൽ പകർത്തിയ സെയ്ഫിന്റെയും മക്കളുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
സെയ്ഫിനൊപ്പം സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിവരെയും ചിത്രത്തിൽ കാണാം. മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞനിയൻ ജെയെ കൈകളിലെടുത്തിരിക്കുകയാണ് സാറാ അലി ഖാൻ. സാറ തന്നെയാണ് കുഞ്ഞനുജന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഈ കുടുംബചിത്രം പങ്കുവച്ചത്.
സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.
2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി കഴിഞ്ഞ ഫെബ്രുവരി 21നാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.