പ്രേമത്തിലെ ‘മലർ’ ആയി ഏവരുടെയും മനം കവർന്ന സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും അഭിനയ രംഗത്തേക്ക്. പൂജ ആദ്യമായി അഭിനയിച്ച തമിഴ് ഷോർട്ട് ഫിലിം പുറത്തിറങ്ങി. ‘കാരാ’ എന്നാണ് ഷോർട്ട് ഫിലിമിന്റെ പേര്.

അജിത്താണ് ‘കാരാ’ സംവിധാനം ചെയ്‌തിരിക്കുന്നത്. കഥയെഴുതിയിരിക്കുന്നതും അജിത്ത് തന്നെയാണ്. ഒരു ബൈക്ക് റൈഡറായാണ് പൂജ ഷോർട്ട് ഫിലിമിൽ എത്തുന്നത്. കതിരാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഒരു ബൈക്ക് അപകടത്തെ തുടർന്ന് ഇരുവരും കണ്ടു മുട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഷോർട്ട് ഫിലിം പറഞ്ഞു പോകുന്നത്.

സായ് പല്ലവി ഫെയ്‌‌സ്ബുക്കിലൂടെ അനിയത്തി അഭിനയിച്ച വിഡിയോ പങ്ക് വച്ചിട്ടുണ്ട്. അഭിമാനത്തോടെ കുഞ്ഞനിയത്തിയെ പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് ഷോർട്ട് ഫിലിം പങ്ക് വച്ചിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ടീമംഗങ്ങളെ അഭിനന്ദിക്കുന്നുമുണ്ട് സായ് പല്ലവി. നേരത്തെ കാരയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് സായ് പല്ലവിയായിരുന്നു.

വിഷ്‌ണു പ്രിയ, ജീവിത രാജേന്ദ്രൻ, വിശ്‌വേഷ് മുരുഗൻ, നവീൻ റോഷൻ, മനോജ് കുമാർ, രഞ്ജിത എന്നിവരാണ് ഷോർട്ട് ഫിലിമിലെ മറ്റ് അഭിനേതാക്കൾ. സംഗീതം നൽകിയിരിക്കുന്നത് സുമേഷ് കുമാറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ