scorecardresearch

കാശല്ല, കഥാപാത്രമാണ് സായ് പല്ലവിക്ക് മുഖ്യം

വലിയ പ്രതിഫലം ഓഫർ ചെയ്തിട്ടും താരം ഈ ചിത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു

Sai Pallavi

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കാകെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. കുറച്ചു സിനിമകളിലൂടെ തന്നെ തന്റെ മേഖല അഭിനയമാണെന്ന് ഈ താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. വെറുതേ ഒരു സിനിമയില്‍ വന്നു പോകാനും നായകന്റെ നിഴലായ നായികയാകാനും താന്‍ ഒരുക്കമല്ലെന്നാണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സായ് പല്ലവി പ്രഖ്യാപിക്കുന്നത്.

അടുത്തിടെ തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസ് നായകനാകുന്ന ചിത്രത്തിലേക്ക് നായികാ കഥാപാത്രമാകാനുള്ള ക്ഷണം സായ് നിഷേധിച്ചതും ഇക്കാരണം കൊണ്ടു തന്നെയാണ്. ചിത്രം ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണ്. തന്റെ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന കാരണത്താല്‍ താരം ഈ അവസരം വേണ്ടെന്നു വച്ചതായി തെലുങ്ക് മാധ്യമമായ രാഗലഹരി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ സായ്ക്ക് വലിയ തുക പ്രതിഫലം ഓഫര്‍ ചെയ്തിരുന്നുവത്രേ.

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിനൊപ്പം സായ് പല്ലവി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. തിരക്കഥ താരത്തിന് ഇഷ്ടമായെന്നും എന്നാല്‍ ഔദ്യോഗികമായി കരാറില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.

നിലവില്‍ ‘വര്‍മ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ധ്രുവ്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അര്‍ജുന്‍ റെഡ്ഡി’യുടെ തമിഴ് പതിപ്പാണ് ‘വര്‍മ’. തെലുങ്കില്‍ വിജയ് ദേവരകൊണ്ടയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sai pallavi wont do silly roles

Best of Express