സിനിമയിലെ കഥാപാത്രങ്ങൾക്കായി വേറിട്ട വേഷപ്പകർച്ചയുമായി എത്തി പലപ്പോഴും അഭിനേതാക്കൾ അമ്പരപ്പിക്കാറുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ വേഷപ്പകർച്ചകൾ കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് കമലഹാസൻ. നടീനടന്മാരുടെ ഇത്തരം മേക്കപ്പ്/ മേക്കോവർ വീഡിയോകൾ കാണാൻ പ്രേക്ഷകർക്കും കൗതുകമാണ്.
2021 ഡിസംബർ 24ന് റിലീസിനെത്തിയ ബഹുഭാഷാ ചിത്രമായ ശ്യാം സിംഗ റോയിലെ സായ് പല്ലവിയുടെ ഓൾഡ് ലുക്കും ചിത്രം റിലീസിനെത്തിയതു മുതൽ ശ്രദ്ധ നേടിയിരുന്നു. അതിന്റെ മേക്കപ്പ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. മണിക്കൂറുകളെടുത്താണ് വൃദ്ധയുടെ ലുക്കിലേക്ക് സായിയെ മേക്കപ്പ് ആർട്ടിസ്റ്റുകൾ മാറ്റിയെടുത്തത്.
നാനി നായകനായെത്തിയ ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ. നാനിയും ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ എത്തിയിരുന്നു. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ് ‘ശ്യാം സിംഗ റോയ്’. സ്വന്തം പടം തിയേറ്ററിൽ പോയി കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞ് തിയേറ്ററിലെത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.