പല അഭിനേതാക്കളും മുൻകാലങ്ങളിൽ ഫെയർനെസ് ഉൽപ്പന്നങ്ങൾ അംഗീകരിക്കാനും അവയുടെ പരസ്യങ്ങളിൽ അഭിനയിക്കാനും വിസമ്മതിച്ചിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ നിറത്തെ കുറിച്ചുള്ള വാർപ്പുമാതൃകകളെ ഊട്ടിയുറപ്പിക്കുകയാണ് എന്നതാണ് കാരണം. രണ്ടു കോടി ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ നിരസിച്ച സായ് പല്ലവി വാർത്തകളിൽ താരമായിരുന്നു. അഭിനയം കൊണ്ട് മാത്രമല്ല, നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് സായ് പല്ലവി.
“അത് വ്യക്തിപരമായൊരു തിരഞ്ഞെടുപ്പാണ്. ഓരോരുത്തരുടേയും തിരഞ്ഞെടുപ്പുകളിൽ ആരേയും കുറ്റപ്പെടുത്താനാവില്ല. നമ്മുടെ ചില തിരഞ്ഞെടുപ്പുകൾ ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തെ ബാധിക്കുന്നതാകുമ്പോൾ, അത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നു. അവരുടെ ചർമ്മത്തിന്റെ നിറം കൊണ്ടും അല്ലെങ്കിൽ സമൂഹത്തിൽ നാം സൃഷ്ടിച്ച സൗന്ദര്യ നിലവാരം കൊണ്ടും താരതമ്യപ്പെടുത്തലുകൾക്ക് വിധേയരാകുകയും മറ്റുള്ളവരെക്കാൾ കുറഞ്ഞവരാണ് എന്ന് കരുതേണ്ടി വരികയും ചെയ്തിട്ടുള്ള സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും എനിക്കറിയാം,” ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞ വാക്കുകൾ ബ്രൂട്ട് ഇന്ത്യ പുനഃപ്രസിദ്ധീകരിച്ചു.
“പ്രേമത്തിന് മുമ്പ് ഞാൻ നൂറുകണക്കിന് ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചിരുന്നു. എനിക്ക് വളരെയധികം മുഖക്കുരു ഉണ്ടായിരുന്നു. അതെന്നെ വളരെയധികം അസ്വസ്ഥയാക്കി. എനിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടിയായി. എന്റെ കണ്ണുകളിലേക്കല്ല ആളുകൾ എന്റെ മുഖക്കുരുവിലേക്ക് നോക്കുകയും സംസാരിക്കുകയും ചെയ്യുമെന്ന് പേടിച്ച് ഞാൻ വീട്ടിൽ തന്നെ ഇരുന്നു,” അവൾ ഓർമ്മിച്ചു.
Read More: വെളുപ്പിക്കാനുള്ള പരസ്യങ്ങള് വേണ്ട, ആ പണവും: സായ് പല്ലവി
എന്നാൽ ഈ പറഞ്ഞ ആളുകളെല്ലാം പ്രേമം എന്ന സിനിമയ്ക്ക് ശേഷം തന്നെ സ്വീകരിക്കാൻ തയ്യാറായെന്നും ഇത് കൗമാരക്കാരെ എത്രമാത്രം സ്വാധീനിച്ചുവെന്ന് താൻ കണ്ടെന്നും അത് തന്നെ കൂടുതൽ ശക്തയാക്കിയെന്നും സായ് പല്ലവി പറഞ്ഞു.
മുൻപ് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ അനിയത്തി പൂജയുമായുള്ള ഒരു ഓർമ്മയും സായ് പല്ലവി പങ്കുവച്ചിരുന്നു.
തന്നെക്കാളും നിറം കുറവുള്ള അനിയത്തി നിറം വർധിപ്പിക്കണമെന്ന് ആഗ്രഹം പ്രകടിച്ചപ്പോൾ പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ നിറം വയ്ക്കുമെന്ന് താൻ പറഞ്ഞു പറ്റിച്ചതായും പിന്നീട് അതിൽ കുറ്റബോധം തോന്നിയതുമായ അനുഭവവും സായ് പങ്കു വച്ചു.
“ഒരിക്കൽ പൂജ നിറം കൂട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പറഞ്ഞു. അവളത് അനുസരിക്കുകയും ചെയ്തു. അവൾക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവളത് ചെയ്തത് നിറം വർധിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നേക്കാളും അഞ്ചു വയസ്സിന് ഇളയ ഒരു പെൺകുട്ടിയിൽ എന്റെ വാക്കുകൾ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു,” സായ് പല്ലവി ഓർക്കുന്നു.