Sai Pallavi to star in Rajamouli’s RRR? : തെന്നിന്ത്യൻ നടിമാരിൽ ഏറെ താരമൂല്യമുള്ള നായികയായി മാറുകയാണ് സായ് പല്ലവി. ധനുഷ് ചിത്രം ‘മാരി 2’, സൂര്യ ചിത്രം ‘എൻജികെ’ എന്നിവയിൽ ശ്രദ്ധേയയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സായ് പല്ലവി രാജമൗലിയുടെ പുതിയ ചിത്രത്തിലും നായികയാവുന്നു എന്ന വാർത്തകളാണ് തെലുങ്ക് സിനിമാലോകത്തു നിന്നും വരുന്നത്. എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിൽ ജൂനിയർ എൻടി ആറിന്റ നായികയായാണ് സായ് എത്തുന്നതെന്നാണ് റിപ്പോർട്ട്.
ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലുള്ളതെന്നും സായ് പല്ലവിയുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക സ്ഥിതീകരണം ഉടനെ വരുമെന്നുമാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ബ്രിട്ടീഷ് അഭിനേത്രിയായ ഡെയ്സി എഡ്ജർ ജോനസ് ആയിരുന്നു ഈ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഡെയ്സി ജോനസ് സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. അന്നു മുതൽ മറ്റൊരു താരത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രാജമൗലി. ഈ കഥാപാത്രത്തിനായി പരിണീതി ചോപ്ര, നിത്യ മേനോൻ എന്നിവരെയും രാജമൗലി സമീപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
രാം ചരണും ജൂനിയർ എൻടി ആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആർ ആർ ആർ’ എന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇരുവരുടെയും സൗത്ത് ഇന്ത്യൻ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ആർ ആർ ആർ’. ചിത്രത്തിനു വേണ്ടി ആലിയ തെലുങ്കു പഠിക്കുന്നതും വാർത്തയായിരുന്നു.
Read more: തെലുങ്ക് പഠിക്കാൻ പെടാപാടു പെട്ട് ആലിയ
അതിഥി വേഷത്തിലാണ് അജയ് ദേവ്ഗൺ എത്തുന്നത്. ഇതു രണ്ടാമത്തെ തവണയാണ് രാജമൗലിയ്ക്ക് ഒപ്പം അജയ് ദേവ്ഗൺ സഹകരിച്ചു പ്രവർത്തിക്കുന്നു. 49 കാരനായ അജയ് മുൻപ് രാജമൗലിയുടെ തെലുങ്ക് ചിത്രം ‘ഈഗ’യുടെ ഹിന്ദി റീമേക്കിന് വോയിസ് ഓവർ നൽകിയിരുന്നു. അതിഥിവേഷമായതിനാലാണ് അജയ് ദേവ്ഗൺ ഈ ഓഫർ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ പൊതുവെ വിമുഖത കാണിക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അജയ് ദേവ്ഗൺ.
ബാഹുബലിയെ പോലെ തന്നെ ‘ആർആർആർ’ എന്ന ചിത്രവും ഇന്ത്യൻ പിരീഡ് ആക്ഷൻ ഫിലിം ആണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. രാജമൗലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എൻടിആർ ജൂനിയറും റാം ചരണുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ‘ബാഹുബലി’യുടെ രണ്ടു ഭാഗങ്ങള്‍ക്കും കൂടി 400 കോടിയായിരുന്നു ബജറ്റെങ്കില്‍ രാജമൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത് 300 കോടി ചെലവിലാണ് എന്നാണു റിപ്പോര്‍ട്ടുകള്‍. ഡി.വി.വി.ധനയ്യയാണ് നിര്‍മ്മാതാവ്. 2020 ലാവും ചിത്രം തിയേറ്ററുകളിലെത്തുക.
‘ബാഹുബലി’യുടെ ഐതിഹാസിക വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ അങ്ങേയറ്റം ആകാംക്ഷയോടെയാണ് ആരാധകര്‍ ‘ആര് ആര് ആറിനെ’ കാത്തിരിക്കുന്നത്. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നു പറയുന്നതു പോലെ, കാണാന്‍ പോകുന്നത് അതിമനോഹരമാണെന്ന പ്രതീക്ഷയാണ് സംവിധായകന് പ്രേക്ഷകര്‍ക്കു നല്‍കുന്നത്.