ഷാൾ പുതച്ച് വിഷാദം നിറഞ്ഞ മുഖഭാവവുമായി അടുത്തിരിക്കുന്ന പെൺകുട്ടി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയതാരമാണെന്ന് ആ സ്ത്രീകൾ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. യുവതാരങ്ങളിൽ ശ്രദ്ധേയമായ സായ് പല്ലവിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സായിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കൗതുകമുണർത്തുന്ന സംഭവം.
ആൾക്കൂട്ടത്തിനിടയിലെ ഒരു രംഗം റിയലിസ്റ്റിക് ആയി ചിത്രീകരിക്കാൻ ഒളിപ്പിച്ചുവച്ച ക്യാമറകളാൽ സായി പല്ലവിയുടെ നീക്കങ്ങൾ ചിത്രീകരിക്കുകയായിരുന്നു ക്യാമറാമാൻ. ഷൂട്ടിംഗിന്റെ ആൾക്കൂട്ടവും ബഹളവുമൊന്നും പുറത്തു കാണാത്തതുകൊണ്ട് സിനിമയുടെ ചിത്രീകരണമാണെന്ന് ബസ് സ്റ്റോപ്പിൽ നിന്ന സ്ത്രീകൾക്കും മനസ്സിലായില്ല. ഏതായാലും വീഡിയോ ദൃശ്യങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.
‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയും ഡാൻസ് ക്യൂനും അഭിനേത്രിയുമായ സായ് പല്ലവിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘വിരാടപർവ്വം’. തെലങ്കാനയിലെ വാരങ്കലിലെ പാര്‍ക്കല്‍ ബസ് സ്റ്റാന്‍ഡിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. വേണു ഉദുഗാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രത്തിൽ ക്രൂരനായ ഒരു രാഷ്ട്രീയ പ്രവർത്തകനും യൗവ്വനകാലത്ത് വിദ്യാർത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. റാണയേയും സായ് പല്ലവിയേയും കൂടാതെ തബു, പ്രിയാമണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ വേഷമാണ് തബു കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് ‘വിരാടപർവ്വം’.
“‘വിരാടപർവ്വം’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്, ഒപ്പം ഒരു മനോഹരമായ ലവ് സ്റ്റോറിയും. ഒരു എക്സ്‌ട്രാ ഓർഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാനാണ് ശ്രമം,” ചിത്രത്തിന്റെെ വക്താവ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read more: ലിപ് ലോക്ക് പറ്റില്ല; ‘ഡിയർ കോമ്രേഡി’നോട് നോ പറഞ്ഞ് സായ് പല്ലവി