വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഡിയര്‍ കോമ്രേഡ്’ ജൂലൈ 26 ന് നാലു ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ രശ്മിക മന്ദാനയ്ക്ക് ശേഷം സായ് പല്ലവിയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നതെന്നും എന്നാൽ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചിത്രത്തിൽ നിന്നും സായ് പല്ലവി പിന്മാറുകയായിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
തന്റെ അഭിനയം കൊണ്ടും നൃത്തം കൊണ്ടും ദക്ഷിണേന്ത്യൻ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് സായ് പല്ലവി ഇന്ന്. വിജയ് ദേവേരകൊണ്ടയെ പോലെ ഏറെ ശ്രദ്ധേയനായ ഒരു താരത്തിന്റെ സിനിമയോട് നോ പറയാൻ സായ് പല്ലവിയെ പ്രേരിപ്പിച്ചത് ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങളാണത്രെ. അടുത്തിട പഴകുന്ന രംഗങ്ങളിലും അഭിനയിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച സായ് പല്ലവി ഓഫർ നിരസിക്കുകയായിരുന്നു എന്നാണഅ റിപ്പോർട്ടുകൾ.
മുൻപ് രണ്ടു കോടി വാഗ്ദാനം ചെയ്തിട്ടും ഫെയർനെസ്സ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഇല്ല എന്ന താരത്തിന്റെ നിലപാടും വാർത്തകളിൽ ഇടം നേടിയിരുന്നു. “അത്തരം പരസ്യങ്ങളിൽ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാൻ വീട്ടിൽ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും. എനിക്കതിലും വലിയ ആവശ്യങ്ങളൊന്നുമില്ല. നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാൻഡേർഡ് തെറ്റാണെന്ന് ഞാൻ പറയും. ഇത് ഇന്ത്യൻ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു ചോദിക്കാൻ സാധിക്കില്ല. അത് അവരുടെ നിറമാണ്, ഇത് നമ്മുടേതും,” എന്നാണ് തന്റെ നിലപാടിനെ കുറിച്ച് സായ് പല്ലവി സംസാരിച്ചത്.
Read more: വെളുപ്പിക്കാനുള്ള പരസ്യങ്ങള്‍ വേണ്ട, ആ പണവും: സായ് പല്ലവി
പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. ‘ഡിയര്‍ കോമ്രേഡ്’ തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നിങ്ങനെ നാലു ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ് സംഗീതം. ‘ടാക്സിവാല’യ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.
2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്മാന് നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന് ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു.
അടുത്തിടെ ചിത്രത്തിന്റെ പ്രചരണാർത്ഥം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലെത്തിയിരുന്നു. ചിത്രത്തിന്റെ മലയാളം ട്രെയിലർ ലോഞ്ച് ചെയ്തത് ദുൽഖർ സൽമാൻ ആയിരുന്നു. ‘എന്റെ സഹോദരന് വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ ട്രെയിലര്‍ സന്തോഷത്തോടെ ലോഞ്ച് ചെയ്യുന്നു’ എന്നാണ് ദുൽഖർ ട്വിറ്ററിൽ കുറിച്ചത്. ‘കുഞ്ഞിക്കാ ഐ ലവ് യൂ. നിങ്ങളാണ് ബെസ്റ്റ്’ എന്നായിരുന്നു വിജയിന്റെ മറുപടി. ഒപ്പം താനും ദുല്‍ഖറും ചേര്‍ന്ന് ഒരു വമ്പന്‍ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട് എന്നും വിജയ് പറയുന്നു. ദുല്‍ഖറും വിജയും ഒരു ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്നതിന്റെ സൂചനയാണോ ഇതെന്നും പ്രേക്ഷകര്‍ സംശയിക്കുന്നുണ്ട്.
Read more: അയാളും ഞാനും തമ്മില്‍: വിജയ് ദേവേരകൊണ്ട പറയുന്നു