സായി പല്ലവി നായികയായെത്തിയ തെലുങ്കുചിത്രമായിരുന്നു ‘പടി പടി ലെച്ചേ മനസു’. ടീസർ പുറത്തിറങ്ങിയപ്പോഴും ചിത്രത്തിലെ പാട്ടുകൾക്കുമൊക്കെ സിനിമ റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ ഏറെ സ്വീകരണം ലഭിച്ചിരുന്നെങ്കിലും, ഷർവ്വാനന്ദിനെയും സായിപല്ലവിയേയും നായികാനായകന്മാരാക്കി ഹനു രാഘവപുഡി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടാതെ പരാജയപ്പെടുകയായിരുന്നു. 22 കോടി രുപയ്ക്ക് വിറ്റു പോയ ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും എട്ടു കോടി രൂപ മാത്രമാണ് സ്വന്തമാക്കാനായത്. ചിത്രം ബോക്സ് ഓഫീസിൽ വീണു പോയതോടെ വിതരണക്കാർക്കും നിർമ്മാതാക്കൾക്കും വൻനഷ്ടമാണ് സംഭവിച്ചത്. ഇപ്പോൾ ഇതാ, തന്റെ പ്രതിഫല തുക വേണ്ടെന്ന് വെച്ച് നിർമാതാക്കൾക്ക് ആശ്വാസം നൽകുകയാണ് സായ് പല്ലവി.

നിർമാതാക്കൾ അഡ്വാൻസ് ആയി കുറച്ചു പണം നൽകിയിരുന്നെങ്കിലും 40 ലക്ഷം രൂപയോളം ഇനിയും സായ് പല്ലവിയ്ക്ക് നൽകാനുണ്ടായിരുന്നു. അടുത്തിടെ നിർമ്മാതാക്കൾ പ്രതിഫലതുക നൽകാനായി സായിയെ സമീപിച്ചപ്പോഴാണ് പ്രതിഫലം വാങ്ങാൻ താരം വിസമ്മതിച്ചത്. ചിത്രം നിർമാതാക്കൾക്ക് വൻനഷ്ടം വരുത്തിവച്ചതിനാൽ, തന്റെ പ്രതിഫലം വേണ്ടെന്നു വെയ്ക്കുകയായിരുന്നു സായ് പല്ലവി. പ്രതിഫലതുകയെ ചൊല്ലി പലപ്പോഴും തർക്കങ്ങൾ ഉണ്ടാവാറുള്ള സിനിമാ ഇൻഡസ്ട്രിയിൽ സായ് പല്ലവിയുടെ പ്രവൃത്തി അണിയറപ്രവർത്തകരെ അത്ഭുതപ്പെടുത്തുകയാണ്. നിരവധി നിർമാതാക്കളാണ് സായ് പല്ലവിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നിരവധി തിയേറ്ററുകളിൽ ‘പടി പടി ലെച്ചേ മനസു’ പ്രദർശനത്തിനെത്തിയിരുന്നെങ്കിലും വിചാരിച്ചതുപോലെ ബോക്സ് ഓഫീസിൽ പണം കൊയ്യാൻ കഴിയാതെ വന്നതാണ് ചിത്രം പരാജയപ്പെടാൻ കാരണം.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

അതേസമയം, അടുത്തിടെ തിയേറ്ററുകളിലെത്തിയ സായ് പല്ലവിയുടെ തമിഴ് ചിത്രം ‘മാരി2’ ബോക്സ് ഓഫീസിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ധനുഷ് നായകനായെത്തുന്ന ചിത്രത്തിൽ ആറാട്ടു ആനന്ദി എന്ന ഓട്ടോ ഡ്രൈവറായിട്ടാണ് സായ് പല്ലവി എത്തുന്നത്. ചിത്രത്തിലെ ‘റൗഡി ബേബി’ എന്ന ഗാനം ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു. നിരവധിയേറെ പേരാണ് ചിത്രത്തിലെ സായ് പല്ലവിയുടെ പെർഫോർമൻസിനെയും നൃത്തത്തെയും അഭിനന്ദിക്കുന്നത്. സൂര്യയുടെ എൻജികെയാണ് സായ് പല്ലവിയുടെ അടുത്ത ചിത്രം.

Read more: കാശല്ല, കഥാപാത്രമാണ് സായ് പല്ലവിക്ക് മുഖ്യം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook