പത്തു വർഷങ്ങൾക്കു മുൻപ് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിലേക്ക് ചിരിയോടെ ഒരു പതിനൊന്നാം ക്ലാസ്സുകാരി കയറിചെല്ലുന്നത് ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്ന റിയാലിറ്റി ഷോയുടെ സെമി ഫൈനൽ മത്സരങ്ങൾക്കു വേണ്ടിയായിരുന്നു. അന്ന് ആ റിയാലിറ്റി ഷോയിൽ പരാജയപ്പെട്ടു മടങ്ങാനായിരുന്നു ആ പെൺകുട്ടിയുടെ നിയോഗം. ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ട് ടിവി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹം നേടിയെടുത്ത സായ് പല്ലവി എന്ന ആ പെൺകുട്ടി പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ അറിയപ്പെടുന്ന നായികമാരിൽ ഒരാളായി മാറി. അഭിനയമികവിനൊപ്പം തന്നെ ഉള്ളിലെ നർത്തകിയേയും രേഖപ്പെടുത്തുന്ന പ്രകടനങ്ങളാണ് സായ് പല്ലവിയെ തേടിയെത്തിയത്.

പത്തു വർഷങ്ങൾക്കു ശേഷം ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ സായി പല്ലവി വീണ്ടുമെത്തിയപ്പോൾ യാദൃശ്ചികതകളുടെ തുടർച്ചയെന്ന പോലെ പ്രഭുദേവയും ഉണ്ടായിരുന്നു കൂടെ. ഇത്തവണ സായി വന്നത് പക്ഷേ റിയാലിറ്റി ഷോയിലെ പല മത്സരാർത്ഥികളിൽ ഒരാളായിട്ടല്ല. ധനുഷ് നായകനാവുന്ന തമിഴ് ചിത്രം ‘മാരി2’ വിലെ ഒരു ഡാൻസ് രംഗം ചിത്രീകരിക്കാനായിരുന്നു. മുൻപ് തന്റെ പേരിലുള്ള റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായെത്തിയ പെൺകുട്ടിയ്ക്കു വേണ്ടി, കൊറിയോഗ്രാഫ് നിർവ്വഹിക്കുക എന്നതായിരുന്നു പ്രഭുദേവയുടെ നിയോഗം.

നിയോഗങ്ങളുടെയും യാദൃശ്ചിതകളുടെയും തുടർച്ചയായ ‘റൗഡി ബേബി’ എന്ന ഗാനവും അതിന്റെ കൊറിയോഗ്രാഫും വൈറലായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് യൂട്യൂബിൽ കാണാൻ കഴിയുക. ഇന്നലെ വൈകിട്ട് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഗാനം ഇതിനകം തന്നെ 48 ലക്ഷത്തിൽ പരം വ്യൂസ് ആണ് നേടിയിരിക്കുന്നത്. ചടുലനടനത്തിന്റെ ഉസ്താദായ പ്രഭുദേവയും ഡാൻസ് ചെയ്യുമ്പോൾ എനർജിയെന്നതിന്റെ പര്യായമായി മാറുന്ന സായ് പല്ലവിയും ചേർന്നപ്പോൾ ‘റൗഡി ബേബി’ യൂട്യൂബ് ട്രെൻഡിംഗിലും തരംഗമാവുകയാണ്. ‘റൗഡി ബേബി’ എന്ന ഗാനം ഏറെ പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോൾ സായിയ്ക്ക് ഇത് ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലും ഓർമ്മകളിലേക്കുള്ള തിരിച്ചുനടത്തവുമൊക്കെയാണ്.

“നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ ഓർക്കുക, നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം നൽകിയിട്ടുണ്ടെങ്കിൽ, ജീവിതം കൂടുതൽ മെച്ചപ്പെട്ട ഒന്നിനാൽ നിങ്ങളെ അനുഗ്രഹിക്കും,” എന്നാണ് പത്തു വർഷങ്ങൾക്കു ശേഷം എജിഎം സ്റ്റുഡിയോയിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ട് സായിപല്ലവി ട്വിറ്ററിൽ കുറിച്ചത്.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സായ് പല്ലവിയുടെ നൃത്തത്തിനു മുന്നിൽ ധനുഷ് രണ്ടാമതായി പോകുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പ്രഭുദേവയുടെ കൊറിയോഗ്രാഫിനെയും പ്രശംസിക്കുന്നുണ്ട് കാഴ്ചക്കാർ. യുവൻ ശങ്കർ രാജയാണ് ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook