കോളിവുഡിലും ടോളിവുഡിലും തിരക്കുളള നടിയാണ് സായ് പല്ലവി. ഇതിനിടെയാണ് നടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സഹതാരം രംഗത്തെത്തിയത്. സായ് പല്ലവിയുടെ തമിഴ് ചിത്രം ‘കാരു’വിൽ സായ് പല്ലവിക്കൊപ്പം അഭിനയിച്ച നാഗ ശൗര്യയാണ് സായ് പല്ലവിയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ സ്വഭാവത്തെക്കുറിച്ച് നാഗ ശൗര്യ തുറന്നടിച്ചത്. ഷൂട്ടിങ് സെറ്റിൽ അനാവശ്യ കാര്യങ്ങൾക്കുപോലും സായ് പല്ലവി ബഹളം വയ്ക്കുന്നുവെന്നാണ് നാഗ ശൗര്യയുടെ പ്രധാന ആരോപണം. ചെറിയ കാര്യങ്ങൾക്ക് പോലും സായ് പല്ലവി ദേഷ്യപ്പെടുന്നുവെന്നും നടിയുടെ പെരുമാറ്റം സഹിക്കാനാവില്ലെന്നും ശൗര്യ പറഞ്ഞിരുന്നു.

കൂടെ അഭിനയിച്ച നടൻ പരസ്യമായി തനിക്കെതിരെ രംഗത്തുവന്നിട്ടും സായ് പല്ലവി പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ നടി തനിക്കെതിരെയുളള ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുന്നു. ഒരു അഭിമുഖത്തിലാണ് സായ് പല്ലവി ഇതിനൊക്കെ മറുപടി നൽകിയത്.

”നാഗ ശൗര്യയുടെ അഭിമുഖം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഉടൻ തന്നെ സംവിധായകൻ എ.എൽ.വിജയ്‌യെയും സിനിമാറ്റോഗ്രാഫർ നീരവ് ഷായെയും വിളിച്ചു. ഞാൻ കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോയെന്നും സെറ്റിൽ ഞാൻ മോശമായി പെരുമാറിയോ എന്നും ചോദിച്ചു. അവർ പറഞ്ഞു എന്റെ ഭാഗത്തുനിന്നും മോശമായ ഒന്നും ഉണ്ടായിട്ടില്ലെന്ന്. ശൗര്യ അങ്ങനെ പറഞ്ഞത് എന്താണെന്ന് അവർക്കും അറിയില്ലെന്നു പറഞ്ഞു”.

”സംവിധായകനും നിർമ്മാതാവിനും വേണ്ടിയാണ് ഞങ്ങളെല്ലാം ജോലി ചെയ്യുന്നത്. ആർക്കെങ്കിലും (നാഗ ശൗര്യ) എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവരോടാാണ് പറയേണ്ടത്. എങ്കിൽ മാത്രമേ ഷൂട്ടിങ് സെറ്റിൽ നല്ല അന്തരീക്ഷത്തിൽ ജോലി ചെയ്യാനാകൂ. നാഗ ശൗര്യ നല്ലൊരു നടനാണ്. പക്ഷേ എന്നെക്കുറിച്ച് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഞാനാരെയും വേദനിപ്പിക്കാറില്ല, അങ്ങനെ ചെയ്താൽ ഞാൻ ആയിരിക്കും കൂടുതൽ വേദനിക്കുക” സായ് പല്ലവി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ