അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്ന ഫഹദ് ഫാസിൽ എന്ന നടൻ മലയാളികൾക്ക് പലപ്പോഴും കൗതുകമാണ്. ഓരോ സിനിമ കഴിയുന്തോറും പ്രേക്ഷകരെ കൂടുതൽ വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ്. ‘പരകായ പ്രവേശം നടത്തുന്നതു പോലെയാണ് ഫഹദ് പലപ്പോഴും കഥാപാത്രമാകുന്നത്,’ ഫഹദിന്റെ അഭിനയത്തെ സായ് പല്ലവി നിരീക്ഷിക്കുന്നത് ഇങ്ങനെ. ‘അതിരനി’ൽ ഫഹദിന്റെ നായികയായി അഭിനയിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു സായ് പല്ലവി.

“പുതിയചിത്രത്തിൽ ഫഹദിനൊപ്പമാണ് അഭിനയിക്കുന്നത്. സകല മസിലുകളുടെയും മുകളിൽ നല്ല കൺട്രോൾ ഉള്ള ഒരു വിദഗ്ധൻ എന്നൊക്കെ പറയാം അദ്ദേഹത്തെ. അഭിനേതാവിനപ്പുറം വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ഒരാൾ. സെറ്റിലൊക്കെ ആള് നല്ല ഫണ്ണിയാണ്. ‘ആക്ഷൻ’ എന്നു കേട്ടാൽ ഒരു തരം പരകായ പ്രവേശവും,” വനിത മാഗസിനു നൽകിയ അഭിമുഖത്തിനിടെ സായ് പല്ലവി പറഞ്ഞു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് സായ് പല്ലവി. വിവേക് സംവിധാനം ചെയ്യുന്ന ‘അതിരനി’ൽ ഫഹദ് ഫാസിലിന്റെ നായികയായാണ് സായ് പല്ലവിയുടെ മടങ്ങിവരവ്. വിവേകിന്റെ തന്നെ കഥയ്ക്ക് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക.

Read more: ‘അതിരനി’ലെ ഫഹദും സായ് പല്ലവിയും ഇതാ; ലൊക്കേഷൻ ചിത്രങ്ങൾ

ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ് നിർമ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരൻ’. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ‌ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. സായ് പല്ലവിയും രഞ്ജി പണിക്കറും മകളും അച്ഛനുമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഷു റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിലെ ‘ആട്ടുതൊട്ടില്‍’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ യൂടൂബിലൂടെ റിലീസ് ചെയ്തിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയ്ഹരി സംഗീതം പകര്‍ന്ന് ഭാവഗായകന്‍ പി.ജയചന്ദ്രന്‍ ആലപിച്ച മനോഹരമായൊരു താരാട്ടു പാട്ടാണ് ഇത്.

‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘അതിരനു’ണ്ട്. ‘പ്രേമ’മെന്ന അരങ്ങേറ്റചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ്. സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസ് എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒന്നാണ്. അതിനു ശേഷം ‘കലി’ എന്ന ദുല്‍ഖര്‍ ചിത്രത്തിലും എത്തിയ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

ധനുഷിന്റെ നായികയായെത്തിയ ‘മാരി2’വാണ് ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനരംഗത്തിലെ സായ് പല്ലവിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 32 കോടി വ്യൂസ് നേടി യൂട്യൂബ് ട്രെന്‍ഡിംഗിലും ഗാനം റെക്കോര്‍ഡ് ഇട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook