‘അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ഒരായിരം അരക്ഷിതത്വങ്ങളുണ്ടായിരുന്നു, ആത്മവിശ്വാസം വന്നത് ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍,’ തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ വാക്കുകളാണ് ഇവ. ഫോര്‍ബ്സ് മാസികയുടെ ’30 അണ്ടര്‍ 30′ എന്ന, മുപ്പതു വയസ്സില്‍ താഴെയുള്ള, സ്വന്തം മികവു തെളിയിച്ച മുപ്പതു പേരുടെ ലിസ്റ്റിലെ ഒരേയൊരു സിനിമാ അഭിനേത്രിയായതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഇന്ന്, ഞാനും എന്‍റെ ഏതെങ്കിലും പാതയും സ്ത്രീകള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കുന്നുണ്ട് എന്നറിയുന്നതില്‍പരം സന്തോഷം വേറൊന്നുമില്ല,’ ‘പ്രേമം’ എന്ന സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ സായ് പല്ലവി പറയുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സായിപല്ലവി ഒരു നൃത്തപരിപാടിയിലൂടെയാണ് സ്ക്രീനില്‍ എത്തിയത്. അവിടെ നിന്നുമാണ് സിനിമയില്‍ എത്തിയത്. മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇത്, വലിയ വിജയ ചിത്രങ്ങളുടെ ഭാഗമായപ്പോഴും അവര്‍ തന്‍റെ വിദ്യാഭാസ്യം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിച്ചിരുന്നു. എം ബി ബി എസ് ഡിഗ്രി എടുത്തശേഷവും സിനിമയില്‍ തുടരുന്ന സായ് പല്ലവി ഫെയെര്‍നസ്സ് ക്രീമുകള്‍ക്ക് വിരുദ്ധമായി എടുത്ത നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
രണ്ടു കോടി ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള ഓഫർ നിരസിച്ച സായ് പല്ലവി വാർത്തകളിൽ താരമായിരുന്നു. എന്തു കൊണ്ടാണ് അത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന നിലപാട് എടുത്തതെന്ന് അവര്‍ വിശദീകരിച്ചത് ഇങ്ങനെ.
“അത്തരം പരസ്യങ്ങളിൽ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാൻ വീട്ടിൽ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും. എനിക്കതിലും വലിയ ആവശ്യങ്ങളൊന്നുമില്ല. നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാൻഡേർഡ് തെറ്റാണെന്ന് ഞാൻ പറയും. ഇത് ഇന്ത്യൻ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്തു പോയി അവരെന്തു കൊണ്ടാണ് വെളുത്തിരിക്കുന്നത് എന്നു ചോദിക്കാൻ സാധിക്കില്ല. അത് അവരുടെ നിറമാണ്, ഇത് നമ്മുടേതും.”
Read more: നിലപാടിലുറച്ച്, രണ്ട് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് സായ് പല്ലവി
അത്തരം പരസ്യങ്ങൾ എങ്ങനെയാണ് ചെറുപ്പക്കാരെ സ്വാധീനിക്കുന്നത് എന്ന കാര്യം തനിക്ക് വളരെ ചെറുപ്പത്തിലേ മനസ്സിലായിരുന്നുവെന്നും സായ് പല്ലവി പറയുന്നു. അനിയത്തി പൂജയുമായുള്ള ഒരു ഓർമ്മയും സായ് പല്ലവി പങ്കുവച്ചു. ബിഹൈൻഡ്‌വുഡ്സ് എന്ന വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് പല്ലവി.
തന്നെക്കാളും നിറം കുറവുള്ള അനിയത്തി നിറം വർധിപ്പിക്കണമെന്ന് ആഗ്രഹം പ്രകടിച്ചപ്പോൾ പച്ചക്കറികളും പഴങ്ങളും കഴിച്ചാൽ നിറം വയ്ക്കുമെന്ന് താൻ പറഞ്ഞു പറ്റിച്ചതായും പിന്നീട് അതിൽ കുറ്റബോധം തോന്നിയതുമായ അനുഭവവും സായ് പങ്കു വച്ചു.
“ഒരിക്കൽ പൂജ നിറം കൂട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പറഞ്ഞു. അവളത് അനുസരിക്കുകയും ചെയ്തു. അവൾക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവളത് ചെയ്തത് നിറം വർധിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നേക്കാളും അഞ്ചു വയസ്സിന് ഇളയ ഒരു പെൺകുട്ടിയിൽ എന്റെ വാക്കുകൾ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു,” സായ് പല്ലവി ഓർക്കുന്നു.
Read in English: Sai Pallavi rejects fairness cream ad deal worth Rs 2 crore?
സിനിമയിൽ വരുന്ന സമയത്ത് തനിക്ക് അരക്ഷിതബോധം ഉണ്ടായിരുന്നെന്നും സായ് പല്ലവി തുറന്നു പറയുന്നു. മുഖക്കുരു, ആണുങ്ങളുടെത് പോലുള്ള ശബ്ദം തുടങ്ങിയ ഘടകങ്ങളൊക്കെ തന്റെ അരക്ഷിതബോധം കൂട്ടിയെന്നും സായ് പല്ലവി വെളിപ്പെടുത്തി. ‘പ്രേമം’ എന്ന തന്റെ സിനിമ സ്വീകരിക്കപ്പെട്ടതോടെയാണ് ആ അരക്ഷിതാവസ്ഥ തന്നിൽ നിന്നും മാറിയതെന്നും ഇപ്പോൾ സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തി അൽപ്പമെങ്കിലും ഉണ്ടെങ്കിൽ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി വിശദമാക്കി.
“ആദ്യ സിനിമയായ ‘പ്രേമം’ സ്വീകരിക്കപ്പെട്ടതോടെയാണ് എന്റെ അരക്ഷിതാവസ്ഥ മാറിയത്, ഇപ്പോൾ സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തി അൽപ്പമെങ്കിലും എനിക്കുണ്ടെങ്കിൽ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനാണ് ഞാനാഗ്രഹിക്കുന്നത്,” സായ് കൂട്ടിച്ചേർത്തു.