ഷൂട്ടിങ്ങായാലും പൊതുപരിപാടിയായാലും സായി പല്ലവി കൃത്യനിഷ്ഠ പുലർത്തുന്ന നടിയാണ്. തന്റെ പുതിയ ചിത്രമായ കാനത്തിന്റെ പ്രൊമോഷൻ പരിപാടിക്കും സായി പല്ലവി കൃത്യസമയത്തെത്തി. കാറിനുപകരം ബൈക്കിലാണ് നടി പരിപാടിക്കെത്തിയത്. ഇതുകണ്ട ആരാധകരും സംഘാടകരും അമ്പരന്നുപോയി.

സായ് പല്ലവിയുടെ തമിഴ് ചിത്രമായ കാരുവിന്റെ തെലുങ്ക് റീമേക്കാണ് കാനം. ഈ സിനിമയുടെ പ്രൊമോഷനാണ് ഹൈദരാബാദിൽ നടന്നത്. സംവിധായകൻ എ.എൽ.വിജയ് അടക്കമുളള ചിത്രത്തിലെ അണിയറപ്രവർത്തകരെല്ലാം പരിപാടിക്ക് എത്തിയിരുന്നു. സായി പല്ലവി കൃത്യസമയത്ത് തന്നെ എത്തുമെന്ന് അണിയറപ്രവർത്തകർക്ക് ഉറപ്പായിരുന്നു. അവരുടെ വിശ്വാസം തെറ്റിക്കാതെ സായി പല്ലവി എത്തി.

നീല പട്ടുസാരിയുടുത്ത് ബൈക്കിലാണ് സായി പല്ലവി വന്നിറങ്ങിയത്. തെലുങ്കിലും തമിഴിലും നമ്പർ വൺ താരമായി മാറിയ സായി പല്ലവി കാറിനു പകരം ബൈക്കിലെത്തിയത് കണ്ടുനിന്നവരെ അതിശയപ്പെടുത്തി. എന്നാൽ ബൈക്കിലെത്തിയതിന്റെ കാരണം കേട്ട് സായി പല്ലവിയെ അഭിനന്ദിക്കുകയാണ് ആരാധകരും സിനിമാ പ്രവർത്തകരും. ട്രാഫിക് മൂലം കൃത്യസമയത്ത് പരിപാടിക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് കാർ ഒഴിവാക്കി സായി പല്ലവി തന്റെ അസിസ്റ്റന്റിന്റെ ബൈക്കിൽ എത്തിയത്.

സായി പല്ലവി ബൈക്കിലെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരമായാൽ പിന്നെ കാറിൽ മാത്രമേ യാത്ര ചെയ്യൂവെന്ന് ശഠിക്കുന്ന നടിമാർ സായി പല്ലവിയെ കണ്ടു പഠിക്കണമെന്നാണ് ആരാധകർ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ