പ്രേമത്തിലെ മലർ മിസിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ സായി പല്ലവി തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കാനുളള ശ്രമത്തിലാണ്. സായി പല്ലവിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ‘ഫിദ’ ഉടൻ റിലീസ് ചെയ്യും. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ എന്ന ഹൊറർ ചിത്രത്തിലൂടെയാണ് തമിഴിലെ സായിയുടെ അരങ്ങേറ്റം. ഇതിനോടകം തന്നെ നിരവധി ആരാധക ഹൃദയങ്ങൾ സായിക്ക് ഒപ്പമുണ്ട്. എന്നാൽ സിനിമാ ലോകത്തുനിന്നും സായിക്ക് ഒരു കടുത്ത ആരാധികയുണ്ട്.

നടി സുജ വരുണിയാണ് സായിയുടെ ഈ കടുത്ത ആരാധിക. തന്റെ ഇഷ്ടതാരത്തിന് മനോഹരമായ ഒരു കത്ത് എഴുതിയിരിക്കുകയാണ് സുജ. ”ഉന്നത വിദ്യാഭ്യാസവും നല്ല കുടുംബ പശ്ചാത്തലവുമുളള പെൺകുട്ടിയാണ് സായി പല്ലവി. സായി തിരക്കഥകൾ തിരഞ്ഞെടുക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഉദാഹരണത്തിന് ഒരു തെലുങ്ക് ചിത്രത്തിൽ സായി അഭിനയിക്കുന്നുണ്ട്. തെലുങ്കിൽ ഒരു വാക്ക് പോലും സായിക്ക് അറിയില്ല. എന്നിട്ടും സായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തു. സിനിമയോടുളള സായിയുടെ പാഷനും ആത്മാർപ്പണവുമാണ് ഇത് കാണിക്കുന്നത്. അതുപോലെ സിനിമയിലായാലും അതിനു പുറത്തായാലും സായിയുടെ വസ്ത്രധാരണം എനിക്കേറെ ഇഷ്ടമാണ്. ലളിതവും സുന്ദരവുമാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും സായിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സായി എപ്പോഴും ഇങ്ങനെ തിളങ്ങുന്ന താരമായി നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ എന്റെ പിന്തുണ സായിക്ക് എപ്പോഴും ഉണ്ടാകും” സുജ കത്തിൽ പറയുന്നു.

തമിഴ്, കന്നഡ, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ സുജ അഭിനയിച്ചിട്ടുണ്ട്. പെൻസിൽ, കിടാരി, കുട്രം 23 എന്നിവ സുജയുടെ ഹിറ്റ് ചിത്രങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ