തന്റെ പുതിയ തെലുങ്ക് സിനിമയായ ‘ശ്യാം സിൻഹ റോയ്’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് സായ് പല്ലവി. തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടയിൽ ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് സായ് പല്ലവി.
സിനിമയുടെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇതിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാനിയും കൃതി ഷെട്ടിയും തമ്മിലുള്ള ചുംബന രംഗമുണ്ടായിരുന്നു. ഈ രംഗത്തിൽ കൂടെ അഭിനയിക്കാൻ സായ് പല്ലവിയോ കൃതിയോ ആണോ കംഫർട്ടബിൾ എന്നായിരുന്നു അവതാരക ചോദിച്ചത്. ഉടൻ തന്നെ സായ് പല്ലവി ഇടപെടുകയും ആ ചോദ്യം അനാവശ്യമാണെന്നുമായിരുന്നു പറഞ്ഞത്.
”ഈ ചോദ്യം ചോദിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഈ രംഗം ഇരുവരോടും ചർച്ച ചെയ്തശേഷം, ഇരുവരും പരസ്പരം കംഫർട്ടായശേഷം, കഥയുടെ ആവശ്യത്തിനുവേണ്ടി ചെയ്തതാണ്. നിങ്ങൾ ഇതിനെക്കുറിച്ച് അവരോട് ചോദിച്ചാൽ ഉറപ്പായും അവർ അസ്വസ്ഥരാകും,” സായ് പല്ലവി പറഞ്ഞു.
ഈ സിനിമയിൽ ഒരു റൊമാന്റിക് സീൻ മാത്രമേയുള്ളൂവെന്ന് അവതാരക ചോദിച്ചപ്പോൾ സായ് പല്ലവി വീണ്ടും ഇടപെട്ടു. നിങ്ങൾ ഇതേ ചോദ്യം തുടർന്നും ചോദിക്കുന്നത് ശരിയല്ലെന്നാണ് താരം പറഞ്ഞത്. ഒടുവിൽ നാനി ചോദ്യത്തിന് മറുപടി കൊടുത്തു. ”കഥയ്ക്ക് വേണ്ടി എന്തും ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ, പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല. പ്രൊഫഷണൽ അഭിനേതാക്കളെന്ന നിലയിൽ, സീൻ മികച്ചതാക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്,” നാനി പറഞ്ഞു.
നിരവധി ആരാധകരാണ് സായ് പല്ലവിയെ അഭിനന്ദിച്ചത്. സായ് പല്ലവിയോട് ആദരവ് തോന്നുവെന്നായിരുന്നു പലരുടെയും കമന്റ്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ശ്യാം സിൻഹ റോയ് പ്രദർശനത്തിനെത്തുക. ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി സിനിമയിലെത്തുക.
Read More: കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ച് സായ് പല്ലവി; ചിത്രങ്ങൾ