പ്രേമത്തിലൂടെ മലയാള മനസ്സ് കീഴടക്കിയ സായ് പല്ലവി തെലുങ്കിലേക്കുളള പ്രവേശനമാണ് സിനിമാലോകത്തെ പുതിയ വാര്‍ത്ത. അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു.

ഇതിനോടകം തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ശേഖര്‍ കാമ്മുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് വരുണ്‍ തേജാണ്. സിനിമയുടെ ചിത്രീകരണത്തിനേ ശേഷം ഡബ്ബിംഗ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
താരം തെലുഗ് പറയാന്‍ ബുദ്ധിമുട്ടുന്നതും എന്നാല്‍ ഏറെ ശ്രമങ്ങള്‍ക്ക് ശേഷം മികച്ച രീതിയില്‍ തന്നെ ഡബ്ബ് ചെയ്യുന്നതായും വീഡിയോയില്‍ കാണാം. സംവിധായകനായ ശേഖറും സായ് പല്ലവിക്ക് പിന്തുണയുമായി കൂടെയുണ്ട്.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്. സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ്ങില്‍ ഫിദ ഒന്നാമതെത്തുകയും ചെയ്തു.
തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എന്‍ആര്‍ ഐ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ജൂണ്‍ 23 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലൂടെയാണ് മെഡിക്കല്‍ ബിരുദധാരിയായ സായ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കലിയിലാണ് താരം അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ