റാണ ദഗ്ഗുബാട്ടിയും സായി പല്ലവിയും ഒന്നിക്കുന്ന വിരാട പർവ്വം റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ 30നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസം കുര്ണൂളിൽ നടന്നു. പെരുമഴയത്തും റാണയേയും സായ് പല്ലവിയേയും കാണാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
മഴ വകവെയ്ക്കാതെ കാത്തുനിന്ന കാണികളോട് സംസാരിക്കുന്ന സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സായിയ്ക്ക് കുട പിടിച്ചു കൊണ്ടു നിൽക്കുന്ന റാണയേയും വീഡിയോയിൽ കാണാം.
യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന വിരാട പർവ്വം ഒരുക്കിയിരിക്കുന്നത്. 1990 കളിലെ തെലങ്കാനയിലെ നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രത്തിന്റെ കഥ. റാണ ദഗ്ഗുബാട്ടി, സായ് പല്ലവി എന്നിവരെ കൂടാതെ പ്രിയാമണി, നവീൻ ചന്ദ്ര, സറീന വഹാബ് എന്നിവരും ചിത്രത്തിലുണ്ട്.