ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. നായിക എന്ന രീതിയിൽ മാത്രമല്ല, നർത്തകിയെന്ന രീതിയിലും ആഗോളതലത്തിൽ ശ്രദ്ധ നേടാൻ സായ് പല്ലവിയ്ക്ക് സാധിച്ചിട്ടുണ്ട്. ധനുഷിനൊപ്പം സായ് പല്ലവി അഭിനയിച്ച ‘മാരി 2’ എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഡാൻസ് നമ്പർ ഇതിനകം യൂട്യൂബിൽ ഒന്നര ബില്യണിലേറെ പേർ കണ്ടുകഴിഞ്ഞു.
സായ് പല്ലവിയുടെ അഭിമുഖങ്ങളും പലപ്പോഴും വൈറലാവാറുണ്ട്. ഒരു അഭിമുഖത്തിനിടെ സായ് പല്ലവി നൽകിയ മറുപടികളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“ആദ്യകാഴ്ചയിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?” എന്ന അവതാരകയുടെ ചോദ്യത്തിന് “അങ്ങനെ പ്രണയം തോന്നിയിട്ടില്ല, പക്ഷേ ആളുകളുടെ അപ്പിയറൻസ് കാണുമ്പോൾ നന്നായി ഇരിക്കുന്നല്ലോ എന്നു തോന്നിയിട്ടുണ്ട്,” എന്നാണ് സായ് പല്ലവി മറുപടി നൽകിയത്. അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം പോവുമ്പോൾ പലപ്പോഴും മറ്റു പെൺകുട്ടികളെ നോക്കി കമന്റ് പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. “പുറത്തൊക്കെ പോവുമ്പോൾ പെൺകുട്ടികളെ കാണുമ്പോൾ ആ കുട്ടിയുടെ മുടി നല്ലതാണല്ലേ, ഹെയർ സ്റ്റൈൽ കൊള്ളാമല്ലേ? എന്നൊക്കെ സഹോദരി പൂജയോട് പറയാറുണ്ട്.”
ആത്മകഥയ്ക്ക് എന്തു പേരിടും എന്ന ചോദ്യത്തിന് 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നാണ് താരം ഉത്തരമേകിയത്. “എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടിൽ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റിൽ ഇരിക്കുമ്പോൾ വേറെ മാതിരി”
Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി
ശ്യാം സിൻഹ റോയ് ആണ് ഒടുവിൽ റിലീസിനെത്തിയ സായ് പല്ലവി ചിത്രം. നാനിയായിരുന്നു ചിത്രത്തിലെ നായകൻ.
റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘വിരാടപര്‍വ്വം’ ആണ് സായ് പല്ലവിയുടേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗര്‍, വാറങ്കല്‍ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ക്രൂരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും യൗവ്വനകാലത്ത് വിദ്യാര്‍ത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. ഒരു എക്‌സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകര്‍ ചെറുകുറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More: അഭിനയം അറിയില്ലായിരുന്നു, ഒരായിരം അരക്ഷിതത്വങ്ങളുണ്ടായിരുന്നു: സായ് പല്ലവി

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ ഉത്പന്നത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.