ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രമാണ് സാഹോ. സിനിമയിലെ സുപ്രധാന ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിന് തുടര്‍ച്ചയായി 20 ദിവസം വിശ്രമം ഇല്ലാതെ അഭിനയിച്ച് പ്രഭാസ് വീണ്ടും സിനിമാ പ്രേമികളെ ഞെട്ടിച്ചു കളഞ്ഞു.

അബുദാബിയിലാണ് സാഹോയുടെ പ്രധാന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. 37 കാറുകളും 5 ട്രക്കുകളും തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള രംഗമാണ് പ്രഭാസ് വിശ്രമമില്ലാതെ ചിത്രീകരിച്ചത്. അബുദാബിയിലെ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്‌ക്കാതെയാണ് സാഹോയുടെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തില്‍ പ്രഭാസ് പങ്കെടുക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Read More: റിയല്‍ ആക്ഷന്‍ ഹീറോ: ‘സാഹോ’യ്ക്കായി 37 കാറുകളും 5 ട്രക്കുകളും ഇടിച്ചു തകര്‍ത്ത് പ്രഭാസ്

ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വര്‍ഷം മാറ്റിവച്ച് സിനിമയോടുള്ള ആത്മസമര്‍പ്പണം തെളിയിച്ച പ്രഭാസിന്റെ പുതിയ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബാഹൂബലി: ദി കണ്‍ക്ലൂഷന്റെ റിലീസിനു തൊട്ടുമുമ്പാണ് തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമായ സാഹോയുടെ ടീസര്‍ പുറത്തുവിട്ട് പ്രഭാസ് ആരാധകരെ ഞെട്ടിച്ചത്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്‌ക്ക് മൂന്ന് വ്യത്യസ്‌ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് സാഹോയുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാളത്തില്‍ നിന്ന് ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍.

Read More: മുഖം മറച്ച് പ്രഭാസ്; ‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് ഇങ്ങനെ!

ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ