അഭിനയ ജീവിതത്തില്‍ അഞ്ച് തവണ കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്നു സേക്രഡ് ഗെയിംസ് താരം സുര്‍വീന്‍ ചൗള. ബോളിവുഡില്‍നിന്നു രണ്ടു തവണയും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയില്‍നിന്നു മൂന്നു തവണയും തനിക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ തന്നെ ലക്ഷ്യമിട്ട് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുര്‍വീന്‍ ചൗള പറഞ്ഞു. 

പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മുപ്പത്തിയഞ്ചുകാരിയായ സുര്‍വീന്‌റെ വെളിപ്പെടുത്തല്‍. തന്‌റെ ശരീരത്തിലെ ഓരോ ഇഞ്ചും അറിയാന്‍ ആഗ്രഹിക്കുന്നതായി ഒരു സംവിധായകന്‍ പറഞ്ഞതിനെത്തടര്‍ന്ന് ഒരു തെന്നിന്ത്യന്‍ സിനിമയില്‍നിന്നു പിന്മാറിയിട്ടുണ്ടെന്നു സുര്‍വീന്‍ പറഞ്ഞു.

മറ്റൊരു മോശം അനുഭവം പങ്കുവച്ച് സുര്‍വീന്‍ പറഞ്ഞതിങ്ങനെ: ”ഇതു തെന്നിന്ത്യയിലെ വളരെ പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനില്‍നിന്നാണ് ഉണ്ടായത്. എനിക്ക് അവിടെ ദീര്‍ഘമായ ഒരു ഓഡീഷന്‍ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഒട്ടും വയ്യാതെയാണ് അവിടെനിന്ന് മടങ്ങിയത്. ഇതറിഞ്ഞ സംവിധായകന്‍ എന്നോട് അയാള്‍ മുംബൈയിലേക്കു വരാമെന്നു വാഗ്ദാനം ചെയ്തു. എനിക്കതു വളരെ വിചിത്രമായി തോന്നി,” സുര്‍വീന്‍ പറഞ്ഞു.

Read More: സംവിധായകൻ സുശി ഗണേശനെതിരെ #MeToo ആരോപണവുമായി അമല പോളും

”അതേ ഫോണ്‍ കോളില്‍ തന്നെ മറ്റൊരാള്‍, ആ സംവിധായകന്റെ സുഹൃത്തോ മറ്റോ ആയിരുന്നെന്നു തോന്നുന്നു, എന്നോട് പറഞ്ഞത് ‘സാറിന് നിങ്ങളെ അറിയണം, ഈ സിനിമ ചിത്രീകരിക്കാന്‍ ഏറെ സമയമെടുക്കുമെന്നതിനാല്‍ നിങ്ങളെ വളരെ നന്നായി മനസിലാക്കേണ്ടതുണ്ട്. സിനിമ കഴിയുന്നതു വരെ മതി, പിന്നെ നിങ്ങള്‍ക്കു നിര്‍ത്താം’ എന്ന്. ഞാന്‍ വളരെ നിഷ്‌കളങ്കമായി അദ്ദേഹത്തോട് ചോദിച്ചു, ‘എന്ത് നിര്‍ത്താം’ എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘സിനിമ തീരുന്നത് വരെയേ ഇതു തുടരൂ. അതു കഴിയുമ്പോള്‍ നിങ്ങള്‍ക്കിത് അവസാനിപ്പിക്കാം’ എന്ന്. നിങ്ങള്‍ തെറ്റായ വാതിലിലാണു മുട്ടുന്നത് എന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് കഴിവുണ്ടെന്നു സാറിനു തോന്നുകയാണെങ്കില്‍ മാത്രം സിനിമയില്‍ പ്രവൃത്തിക്കാന്‍ തയ്യാറാണ്. പക്ഷെ അതിന് എനിക്കെന്നെ കൈമാറ്റം ചെയ്യാന്‍ കഴിയില്ല എന്നും പറഞ്ഞു. അങ്ങനെ ആ സിനിമ നടന്നില്ല,” സുര്‍വീന്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡില്‍നിന്നു 2017ല്‍ സമാനമായൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും സുര്‍വീന്‍ പറഞ്ഞു. “ഒരാള്‍ എന്നോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഒരു ഓഫീസില്‍ നിന്ന് ഓടി പുറത്തിറങ്ങേണ്ടി വന്നു. അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. എനിക്കു കാര്യങ്ങള്‍ വളരെ വ്യക്തമാണ്.”

നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ സേക്രഡ് ഗെയിംസിലെ ജോജോ എന്ന കഥാപാത്ര അവതരിപ്പിച്ചത് സുര്‍വീന്‍ ചൗളയാണ്.

Read Here: യുദ്ധത്തിനുള്ള സമയം; വീണ്ടും ഞെട്ടിക്കാന്‍ സേക്രഡ് ഗെയിംസ്, രണ്ടാം സീസണ്‍ ട്രെയിലര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook