Sacred Games Season 2 Trailer: കാത്തിരിപ്പ് അവസാനിക്കുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയിരുന്നു സേക്രഡ് ഗെയിംസ് സീരിസിന്റെ രണ്ടാം സീസണിന്റെ ട്രെയിലര്‍ പുറത്ത് വിട്ട് നെറ്റ് ഫ്‌ളിക്‌സ്. നവാസുദ്ദീന്‍ സിദ്ദിഖി, സെയ്ഫ് അലി ഖാന്‍, പങ്കജ് ത്രിപാഠി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പരയുടെ രണ്ടാം ഭാഗം ഓഗസ്റ്റ് 15 ന് നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.
കഴിഞ്ഞ സീസണിലുണ്ടായിരുന്ന താരങ്ങള്‍ക്കൊപ്പം പുതിയ താരങ്ങളേയും സീസണ്‍ ടൂവില്‍ കാണാന്‍ സാധിക്കും. കല്‍ക്കി കേക്ല, രണ്‍വീര്‍ ഷോരേ എന്നിവര്‍ പുതിയ സീസണിലുണ്ടാകും. കഴിഞ്ഞ സീസണിലേത് പോലെ തന്നെ രണ്ട് ടൈം ലൈനിലായിരിക്കും ഇത്തവണയും കഥ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ സീസണില്‍ പങ്കജ് തൃപാഠി അവതരിപ്പിക്കുന്ന ഗുരുജി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുക മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഈ സീസണില്‍ ഗുരുജിയായിരിക്കും കഥയുടെ കേന്ദ്രമെന്നാണ് സൂചനകള്‍.
ഇന്ത്യന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ ദിശ തന്നെ മാറ്റിയ സീരിസാണ് സേക്രഡ് ഗെയിംസ്. ഒന്നാം സീസണ്‍ വന്‍ വിജയമായിരുന്നു. ഇതോടെ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും നെറ്റ് ഫ്‌ളിക്‌സിന്റെ പാത പിന്തുടര്‍ന്ന് സീരിസുകള്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ ഭാഗം സംവിധാനം ചെയത് അനുരാഗ് കശ്യപും നീരജ് ഖയാനുമാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. അതേസമയം വിക്രമാദിത്യ മോട്ട്‌വാനെ സംവിധായകന്റെ റോളിലുണ്ടാകില്ല.
വിക്രം ചന്ദ്രയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് സേക്രഡ് ഗെയിംസ് ഒരുക്കിയിരിക്കുന്നത്. വരുണ്‍ ഗ്രോവറാണ് തിരക്കഥ. സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍, രാധിക ആപ്‌തെ തുടങ്ങിയ താരങ്ങളുടെ അഭിനയ മികവു കൊണ്ടും തിരക്കഥ കൊണ്ടുമെല്ലാം ഏറെ പ്രശംസ നേടിയിരുന്നു ഒന്നാം സീസണ്‍.