സംവിധായകൻ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്‌വാന, വരുൺ ഗ്രോവർ എന്നിവരുമായി സേക്രഡ് ഗെയിമിന്റെ രണ്ടാം സീസണിലും സഹകരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് ചീഫ് കണ്ടന്റ് ഓഫീസറായ ടെഡ് സാരന്റോസ്. സുരക്ഷിതവും സ്ത്രീസൗഹാർദ്ദപരവുമായ വർക്കിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുമെന്നും ടെഡ് കൂട്ടിചേർക്കുന്നു.
അനുരാഗും വിക്രമാദിത്യയും പാർട്ണർമാരായിരുന്ന ഫാന്റം ഫിലിംസിലെ മറ്റു രണ്ടു പാർട്ണർമാർക്കെതിരെ ‘മീടു’ വിന്റെ ഭാഗമായി വന്ന ലൈംഗികാരോപണങ്ങളെ തുടർന്ന് ഇരുവരും പ്രശ്നത്തിലാവുകയും ഫാന്റം ഫിലിംസ് അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്ന് സേക്രഡ് ഗെയിംസിന്റെ രണ്ടാം ഭാഗം ആശങ്കയിലായിരുന്നു. വരുൺ ഗ്രോവർക്കെതിരെയും മീടൂ ആരോപണം ഉയർന്നിരുന്നുവെങ്കിലും ഗ്രോവർ ആ ആരോപണം നിഷേധിച്ചിരുന്നു.
ഫാന്റം ഫിലിംസിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് രണ്ട് തരം ധാർമ്മികതയും ഗൈഡ്‌ലൈനുകളും എന്ന ചോദ്യത്തിന് രണ്ട് തരം ധാർമ്മികതയില്ലെന്നായിരുന്നു ടെഡിന്റെ മറുപടി.
“ഈ കേസിൽ ഓരോരുത്തരും വ്യത്യസ്തരാണ്. സാഹചര്യങ്ങൾ വ്യത്യസ്തമാണ്, വ്യക്തികളും സമയവുമെല്ലാ വ്യത്യസ്തമാണ്. നെറ്റ്ഫ്ളിക്സിന്റെ ഉത്തരവാദിത്വം വർക്കിങ്ങ് സ‌്പെയ്സിൽ ഓരോരുത്തർക്കും സുരക്ഷയും ആദരവും ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്തലാണ്. അതിനായ് ഞങ്ങളുടെ പ്രൊഡക്ഷനിൽ എല്ലായിടത്തും ഒരു ഹരാസ്‌മെന്റ് പ്രിവന്റിംഗ് ഇൻസ്റ്റിറ്റ്യൂഷൻ ഉണ്ട്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമൊക്കെയുള്ളതുപോലെ ഇന്ത്യയിലെ ഞങ്ങളുടെ പ്രോഗ്രാമിന്റെയും മാനദണ്ഡങ്ങൾ ഒന്നാണ്,” ടെഡ് കൂട്ടിച്ചേർക്കുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കവേ അനുപമ ച്രൊപയുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു ടെഡ്.
” ഞങ്ങൾ ഈ കേസിൽ അന്വേഷണം നടത്തി. സംഭവത്തിൽ വിക്രമോ അനുരാഗോ തെറ്റുകാരല്ല. അന്വേഷണം ഉചിതമായതിനാൽ പ്രൊജക്റ്റുമായി മുന്നോട്ട് പോവാനാണ് തീരുമാനം” ടെഡ് പറയുന്നു.