ജീവിതത്തിൽ പുതിയൊരു ഇന്നിങ്സിനു തുടക്കം കുറിച്ച് മാസ്റ്റർ ബ്ളാസ്റ്റർ സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റർ, അഭിനേതാവ് എന്നതിന് പുറമെ ഗായകനായും ഒരു കൈ നോക്കിയിരിക്കുകയാണ് ഈ ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആൽബത്തിലൂടെയാണ് സച്ചിൻ ഗായകനായിരിക്കുന്നത്. സച്ചിനും ബോളിവുഡ് ഗായകനായ സോനു നിഗവും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്.

ആറ് ലോകകപ്പുകളിൽ തന്റെ കൂടെ കളിച്ച ഓരോ ഇന്ത്യൻ കളിക്കാരനുമുളള ആദരസൂചകമായാണ് സച്ചിൻ ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആൽബമൊരുക്കുന്നത്. ഇതിന്റെ മുന്നോടിയായുളള ഒരു സാംപിൾ വിഡിയോയാണിപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് മിനിറ്റിൽ താഴെയുളള വിഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. സച്ചിനിലൂടെയാണ് പാട്ടിന്റെ തുടക്കം. പിന്നീട് സോനു നിഗവും കൂടെ ചേരുന്നു. ക്രിക്കറ്റ് മൈതാനത്ത് പലപ്പോഴായി നാം കേൾക്കുകയും നമ്മെ ആവേശം കൊളളിക്കുകയും ചെയ്‌ത സച്ചിൻ….സച്ചിൻ എന്ന വിളികളും പാട്ടിൽ കേൾക്കാം. ഷാമീർ ടാൻഡനാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

സോണി ടെലിവിഷന്റെ സംഗീത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡൽ സീസൺ ഒമ്പതിന്റെ ഫൈനലിലാണ് സച്ചിന്റെ സംഗീത ആൽബം പുറത്തിറക്കിയത്. ഞായറാഴ്‌ചയായിരുന്നു ഇന്ത്യൻ ഐഡലിന്റെ ഫൈനൽ.

സച്ചിന്റെ പുതിയ ഇന്നിങ്സിന്റെ ഭാഗമാവുന്നതിൽ സന്തോഷമുണ്ടെന്ന് സോനു നിഗം പറഞ്ഞു. അദ്ദേഹം പാട്ടിന്റെ പിച്ച് എടുക്കുന്ന രീതി തന്നെ അത്‌ഭുതപ്പെടുത്തിയെന്നും സോനു നിഗം പറഞ്ഞു. സച്ചിൻ നല്ലൊരു ഗായകൻ കൂടിയാണെന്നും സോനു നിഗം കൂട്ടി ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook