ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം പറഞ്ഞ സച്ചിൻ എ ബില്യൺ ഡ്രീംസ് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ബോക്സ്ഓഫിസിലും മികച്ച കളക്ഷനാണ് കഴിഞ്ഞ വെളളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം 27 കോടിയിലധികം കളക്ഷൻ ഇനത്തിൽ ചിത്രം നേടിയിട്ടുണ്ട്.

Read More: ക്രിക്കറ്റ് ദൈവത്തെ വെളളിത്തിരയിൽ കണ്ട് ആരാധകർ; ‘സച്ചിൻ എ ബില്യൺ ഡ്രീംസ്’ റിവ്യൂ വായിക്കാം

ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ ചിത്രത്തിലെ സച്ചിന്റെ പ്രതിഫലത്തെ കുറിച്ചുളള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചിത്രത്തിനായി 35-40 കോടി വരെ സച്ചിൻ വാങ്ങിയെന്ന തരത്തിലാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്തകൾ നിരസിച്ചു കൊണ്ട് സിനിമയുടെ വക്താവ് തന്നെ രംഗത്തെത്തി. സച്ചിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ തെറ്റാണെന്ന് സിനിമയുടെ വക്താവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് സച്ചിൻ: എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്തത്. ഒരു ഡോക്യുഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്ക്രീനുകളിലുമാണ് ഈ സച്ചിൻ എ ബില്യൺ ഡ്രീംസ് പ്രദർശനത്തിനെത്തിയത്. ആദ്യദിനം തന്നെ ചിത്രം 8 കോടിയിലധികം നേടിയിരുന്നു.

സച്ചിന്റെ വ്യക്തിഗത ജീവിതവും ക്രിക്കറ്റ് ജീവിതവും പറയുന്നതാണ് ഈ ചിത്രം. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook