ക്രിക്കറ്റ് ദൈവത്തെ വെളളിത്തിരയിൽ കണ്ടതിന്റെ സന്തോഷം ‘സച്ചിൻ എ ബില്യൺ ഡ്രീംസ്’ കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും മുഖത്ത് കാണാം. ചിത്രം ഒറ്റവാക്കിൽ ‘ഗംഭീരം’. സച്ചിനെയും ക്രിക്കറ്റിനെയും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുളളതാണീ ചിത്രം. കഥ പറയുന്ന രീതിയും യഥാർഥ ജീവിതത്തിലെ ദൃശ്യങ്ങളും സച്ചിന്റെ ജീവിതത്തിലെ ആർക്കും അറിയാത്ത ചില വസ്തുതകളും സച്ചിൻ എ ബില്യൺ ഡ്രീംസ് എന്ന സിനിമയുടെ മാത്രം സവിശേഷതകളാണ്.

ചിത്രത്തിൽ സച്ചിനെ ആദ്യമായി കാണിക്കുന്ന രംഗം വളരെ മനോഹരമാണ്. പശ്ചാത്തലത്തിലെ എ.ആർ.റഹ്മാന്റെ സംഗീതം ഈ രംഗത്തെ ഏവരുടേയും പ്രിയപ്പെട്ടതാക്കും. നിങ്ങളൊരു സച്ചിൻ ആരാധകൻ അല്ലെങ്കിൽ ഈ രംഗം കാണുന്നതോടെ സച്ചിൻ ആരാധകനായി മാറും. ഇതൊരു സിനിമയല്ല, ഡോക്യുമെന്ററി ഡ്രാമയും കൂടി ഉൾപ്പെട്ടതാണ്. ചിലപ്പോൾ നിങ്ങൾ കരയും, ചിലപ്പോൾ ചിരിക്കും, ചിലപ്പോൾ പറക്കുന്നതായി തോന്നും. നിങ്ങൾ അറിയാതെ ‘സച്ചിൻ സച്ചിൻ’ എന്നു വിളിക്കുന്നുണ്ടാകും. സന്തോഷത്താൽ നിങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടാവും.

Read More: സച്ചിൻ… സച്ചിൻ എന്ന് ആദ്യം വിളിച്ചത്..

സച്ചിന്റെ സ്വകാര്യ ലോകത്തേക്കാണ് ചിത്രം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുക. അവിടെ നിങ്ങൾക്ക് ഇന്ത്യയിലെ ക്രിക്കറ്റ് ലെജൻഡും വളരെ സിംപിളുമായ സച്ചിനെ കൂടുതൽ അടുത്തറിയാം. ഒരു ക്രിക്കറ്റ് താരം രാജ്യത്തിനു നൽകുന്ന സംഭാവന എന്താണെന്ന് ചിത്രത്തിലൂടെ ഓരോരുത്തർക്കും സംവിധായകൻ കാണിച്ചുതരുന്നുണ്ട്. സച്ചിൻ ഓരോ തവണ സെഞ്ചുറി നേടുമ്പോഴും ഗ്യാലറിയിൽ ഉയരുന്ന ആർപ്പുവിളികൾ തിയേറ്ററിനകത്തും കാണുമ്പോൾ അതിൽ അദ്ഭുതം തോന്നില്ല.

മുംബൈ നഗരം ചിത്രത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. കാരണം സച്ചിന്റെ ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നത് ഈ നഗരത്തിലാണ്. സച്ചിന്റെ കുടുംബവും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതവും മുംബൈ നഗരത്തിലാണ്. ഇവിടെ പല സ്ഥലത്തും എത്തുമ്പോൾ സച്ചിൻ വികാരീധനാവുന്നുണ്ട്. ആ രംഗങ്ങൾ കണ്ണു നിറയാതെ നമുക്കും കാണാനാവില്ല.

Read More: സച്ചിൻ എ ബില്യൺ ഡ്രീംസ് കണ്ട് താരങ്ങൾ

ചിത്രം കണ്ടു കഴിയുമ്പോൾ യഥാർഥ ഹീറോ ലിറ്റിൽ മാസ്റ്റർ സച്ചിനാണോ അതോ അഞ്ജലിയാണോയെന്നു നിങ്ങൾക്ക് സംശയം തോന്നും. സച്ചിനെ സച്ചിനാക്കി മാറ്റിയതിൽ അഞ്ജലിയുടെ പങ്ക് എത്രത്തോളമാണെന്നു സച്ചിൻ എ ബില്യൺ ഡ്രീംസ് കണ്ടു കഴിയുമ്പോൾ മനസ്സിലാകും. വലിയ വിജയം ഉണ്ടാകുമ്പോഴും കനത്ത പരാജയം ഉണ്ടാകുമ്പോഴും ഇന്ത്യൻ ടീമിന്റെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാകും. ഒരു ടീമിന്റെ പ്രവർത്തനം എങ്ങനെയാണെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇത്രയധികം ഇഷ്ടപ്പെടാൻ കാരണമെന്താണെന്നും ചിത്രത്തിലെ യഥാർഥ സംഭവങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചുതരും.

സച്ചിന്റെ യഥാർഥ ജീവിതമാണ് ഈ ചിത്രത്തിലൂടെ ആരാധകർക്ക് മുന്നിലത്തുന്നത്. കഠിനാധ്വാനത്തിലൂടെയും നിരന്തര പ്രയത്നത്തിലൂടെയും പടുത്തുയർത്തിയതാണ് സച്ചിൻ തന്റെ ജീവിതം. 22 യാർഡിലെ 24 വർഷത്തെ സച്ചിന്റെ ജീവിതത്തെ വളരെ മനോഹരമാക്കി അവതരിപ്പിച്ചിട്ടുണ്ട് സച്ചിൻ എ ബില്യൺ ഡ്രീംസിൽ.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ സംവിധായകൻ. ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സച്ചിനെ കൂടാതെ അർജുൻ ടെൻഡുൽക്കർ, മഹേന്ദ്ര സിങ് ധോണി, അഞ്ജലി ടെൻഡുൽക്കർ, വിരേന്ദർ സെവാഗ്, സാറ ടെൻഡുൽക്കർ എന്നിവരും ചിത്രത്തിലുണ്ട്.

– കൊമാൽ ആർജെ പനച്ചൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ