ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിൻ:എ ബില്യൺ ഡ്രീംസ് ഇന്ന് തിയറ്ററുകളിൽ എത്തും. ആഗോളതലത്തിലാണ് റിലീസ് നടക്കുന്നത്. സച്ചിൻ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ക്രിക്കറ്റ് ദൈവത്തിന്റെ വ്യക്തിഗത ജീവിതത്തെ കുറിച്ച് നമുക്കറിയാത്ത പല കാര്യങ്ങളും ചിത്രം പറയുന്നുണ്ട്.

ജീവിത പങ്കാളിയായ അഞ്‌ജലി ടെൻഡുൽക്കറെ കണ്ട് മുട്ടിയ കാര്യവും പ്രണയവും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്ന് സച്ചിൻ ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം സിനിമയാക്കുന്നതിന് മുൻപ് കുടുംബവുമായി വിശദമായി സംസാരിച്ചിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.

മുംബൈയിലെ ശിവജി പാർക്കിലായിരുന്നു സച്ചിൻ:എ ബില്യൺ ഡ്രീംസിന്റെ ചിത്രീകരണം. അവിടെ വെച്ചാണ് സച്ചിൻ കോച്ച് രമാകാന്ത് അച്ഛരേക്കറിനെ കണ്ട് മുട്ടുന്നത്. “എന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളിലൊരാളാണ് അച്ഛരേക്കർ സാർ. ഏത് പരമ്പരയ്‌ക്ക് മുൻപും അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങിക്കാറുണ്ട് “.

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കോർത്തിണക്കിയുളളതാണ് വിഡിയോ. സ്വകാര്യ ജീവിതവും കരിയറും ട്രെയിലറിൽ കാണിക്കുന്നുണ്ട്.ഏപ്രിലിൽ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് സച്ചിൻ:എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്യുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ