തിയേറ്ററുകളെ സ്‌റ്റേഡിയങ്ങളാക്കിയാണ് സച്ചിൻ എ ബില്യൺ ഡ്രീംസ് മെയ് 26ന് തിയേറ്ററുകളിലെത്തിയത്. ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം പറഞ്ഞ ചിത്രത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സച്ചിനും സച്ചിന്റെ ചെറുപ്പക്കാലം അഭിനയിച്ച മിഖായേൽ ഗാന്ധിയെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ 50 കോടി കടന്നു. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സച്ചിൻ അർദ്ധ സെഞ്ചുറി നേടിയിരിക്കുന്നു. ഇത്തവണ ഗ്രൗണ്ടിലല്ല പകരം ബോക്‌സ് ഓഫീസിലാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് സച്ചിൻ: എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്തത്. ഒരു ഡോക്യുഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്ക്രീനുകളിലുമാണ് ഈ സച്ചിൻ എ ബില്യൺ ഡ്രീംസ് പ്രദർശനത്തിനെത്തിയത്.

സച്ചിന്റെ വ്യക്തി ഗത ജീവിതവും ക്രിക്കറ്റ് ജീവിതവും പറയുന്നതാണ് ഈ ചിത്രം. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ