സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തെ ബിഗ് സ്ക്രീനിൽ കാണാനുളള ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ ജീവിത കഥ പറയുന്ന സച്ചിൻ എ ബില്യൺ ഡ്രീംസ് മെയ് 26ന് റിലീസ് ചെയ്യും. സച്ചിൻ തന്നെയാണ് ഇക്കാര്യം ആരാധകരോട് ‌സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സാക്ഷാൽ സച്ചിൻ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

എല്ലാവരുടേയും ചോദ്യത്തിനുളള ഉത്തരമിതാ എന്നു പറഞ്ഞാണ് സച്ചിൻ തിയതി പ്രഖ്യാപിച്ചത്. എല്ലാവരോടും തിയതി ഓർത്തുവയ്‌ക്കാനും താരം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനായ ജെയിംസ് എർസ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ.ആർ.റഹ്‌മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 200 നോട്ടൌട്ട് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാർണിവൽ മോഷൻ പിക്‌ചേഴ്സും ആണ് നിർമാതാക്കൾ. ക്രിസ് ഓപൻഷായാണ് ഛായാഗ്രാഹകൻ. ഇന്ത്യയിലെ കോടാനുകോടി ജനങ്ങളെ ഒരു പേരിൽ ഒരുമിപ്പിച്ച സച്ചിൻ എന്ന മഹാത്ഭുതത്തെ ഇനി ബിഗ് സ്ക്രീനിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ