സച്ചിന്റെ ജീവിതം പറയുന്ന സച്ചിൻ എ ബില്യൺ ഡ്രീംസ് തിയേറ്ററുകളിലെത്താൻ ഏതാനും ദിവസങ്ങൾ മാത്രമേയുളളൂ. ഏവരും കാത്തിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതവും കരിയറും പറയുന്ന ഈ ചിത്രത്തിനായി. ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാൻ.ദീർഘകാലമായി സുഹൃത്തുക്കളാണ് സച്ചിനും ആമിറും.

തന്റെ പ്രിയ സുഹൃത്തിന് ആശംസകളർപ്പിച്ച് ഒരു വിഡിയോയാണ് ആമിർ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 101-ാമത്തെ സെഞ്ചുറിയെന്നാണ് ഈ പടത്തെ ആമിർ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവം ആമിർ പ്രേക്ഷകരോട് പങ്ക്‌വെയ്‌ക്കുന്നുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്‌ടപ്പെട്ട അനുഭവമെന്ന് പറഞ്ഞാണ് ആമിർ ഈ വിശേഷം പങ്ക് വെയ്‌ക്കുന്നത്. നാമെല്ലാവരും സച്ചിന് വേണ്ടി കൈയ്യടിച്ചു, ആർത്തു വിളിച്ചു. എന്നാൽ സച്ചിൻ ഇതെല്ലാം നിങ്ങൾക്ക് വേണ്ടി ചെയ്‌താൽ എങ്ങനെയുണ്ടാവുമെന്ന് ചിന്തിച്ചു നോക്കുവെന്ന് പറഞ്ഞാണ് ആമിർ ഇത് പറയുന്നത്.

“രാജ്‌കമൽ സ്റ്റുഡിയോയിൽ നടന്ന ലഗാൻ എന്ന സിനിമ കാണാൻ സച്ചിനെത്തിയ നിമിഷമാണ് ആമിർ ഓർത്തെടുക്കുന്നത്. എനിക്ക് സച്ചിനായിരുന്നു ആ സിനിമ, ഞാൻ നോക്കി കൊണ്ടിരുന്നത് മൊത്തം അദ്ദേഹത്തെയായിരുന്നു. ലഗാനിൽ ക്രിക്കറ്റ് കളി തുടങ്ങിയ നിമിഷം തൊട്ട് സച്ചിൻ ടെൻഷനടിച്ചു തുടങ്ങി. കളിയോടുളള അദ്ദേഹത്തിന്റം ആത്മാർത്ഥയും ആവേശവും ഞാൻ നോക്കി കൊണ്ടിരിക്കുകയായിരുന്നു. സിനിമയിൽ ആദ്യ ബ്രിട്ടീഷ് വിക്കറ്റ് വീണപ്പോൾ സച്ചിൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ഔട്ട് എന്ന് പറഞ്ഞ് സന്തോഷിച്ചു. വെളളിത്തിരയിലെ ക്രിക്കറ്റ് കണ്ട് എനിക്ക് വേണ്ടി കൈയ്യടിച്ചത് വിശ്വസിക്കാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും മനോഹരവും ത്രില്ലിംങ്ങുമായ നിമിഷമായിരുന്നു അത്. ആദ്യമായി ക്രിക്കറ്റ് കളിച്ച എനിക്ക് വേണ്ടി സച്ചിൻ കൈയ്യടിക്കുന്നത് ഞാൻ കണ്ടു. അത് ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ