എന്തൊരു മാറ്റം, 18 വർഷങ്ങൾക്കു മുൻപത്തെ സാബുമോനെ കണ്ട് മൂക്കത്ത് വിരൽവയ്ക്കുകയാണ് സോഷ്യൽ മീഡിയ. 2002ൽ ‘നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന് ഒപ്പം ചെറിയൊരു റോളിൽ വന്നുപോയ സാബുമോൻ തന്നെയാണോ, ‘അയ്യപ്പനും കോശിയും’ എന്ന പുതിയ ചിത്രത്തിൽ പൃഥ്വിയ്ക്ക് ഒപ്പം അഭിനയിക്കുന്നതെന്ന് എന്ന് കൗതുകം തോന്നാം. ‘നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെയായിരുന്നു സാബുവിന്റെ സിനിമാ അരങ്ങേറ്റം.
പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തരികിട, ടേക്ക് ഇറ്റ് ഈസി പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളാണ് സാബുവിനെ ശ്രദ്ധേയനാക്കിയത്. തരികിട സാബു എന്ന വിളിപ്പേരിൽ അറിയപ്പെട്ട സാബുവിന്റെ കരിയറിൽ ഏറെ ബ്രേക്ക് സമ്മാനിച്ചത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ആയിരുന്നു. മലയാളത്തിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിന്റെ ആദ്യ സീസണിൽ ടൈറ്റിൽ വിന്നറായ സാബുവിനെ തേടി സിനിമകളിൽ നിന്നും നിരവധി നല്ല കഥാപാത്രങ്ങൾ തേടിയെത്തി. ജനമൈത്രി, ജല്ലിക്കെട്ട്, തൃശൂർ പൂരം, ധമാക്ക തുടങ്ങി പോയവർഷം ഇറങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സാബു അവതരിപ്പിച്ചിരുന്നു. 18 വർഷങ്ങൾക്കു ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം സാബു ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’.
പൃഥ്വിരാജും ബിജു മേനോനുമാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പൻ. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരൻ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അനാർക്കലി’യ്ക്ക് ശേഷം സച്ചി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. റിയൽ ആക്ഷൻ മൂവിയായിരിക്കും അയ്യപ്പനും കോശിയും എന്ന് സച്ചി നേരത്തെ പറഞ്ഞിരുന്നു.