ഹൃത്വിക് റോഷനും സബ ആസാദും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഹൃത്വിക്കോ സബയോ ഇക്കാര്യത്തിൽ വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ച് പല വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഹൃത്വിക്കിന്റെ ബന്ധുവായ ഇഷാന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സബയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഹൃത്വികിന്റെ പിതാവും സംവിധായകനുമായ രാകേഷ് റോഷനാണ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ഹൃത്വിക്, രാകേഷ് റോഷൻ, ഹൃത്വിക്കിന്റെ മക്കളായ ഹ്രേഹാൻ, ഹൃദാൻ, ഗേൾഫ്രണ്ട് സബ ആസാദ്, അമ്മ പിങ്കി റോഷൻ, ഇഷാൻ എന്നിവരാണ് ചിത്രത്തിലുള്ളത്.
സുശാന്ത് സിങ് നായകനായ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2008 ൽ പുറത്തിറങ്ങിയ ദിൽ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ ‘മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ’ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ഫീൽസ് ലൈക്ക് ഇഷ്കി’ൽ സബ അഭിനയിച്ചിരുന്നു. സോണിലൈവിൽ സ്ട്രീമിങ് ചെയ്യുന്ന ‘റോക്കറ്റ് ബോയ്സ്’ എന്ന വെബ് സീരീസിലാണ് സബ ഇപ്പോൾ അഭിനയിക്കുന്നത്.
സൂസെയ്ൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്നും വിവാഹിതരാവുന്നത്. 2014 ൽ ഇരുവരും വിവാഹമോചിതരായി. ഇവർക്ക് ഹൃതാൻ, ഹൃഹാൻ എന്നീ രണ്ടു മക്കളുണ്ട്.