ഹൃത്വിക് റോഷനും സബ ആസാദും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരെയും ഒരുമിച്ച് ഇടയ്ക്കിടെ മുംബൈയിലെ റസ്റ്ററന്റിൽ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. ഹൃത്വിക്കോ സബയോ ഇക്കാര്യത്തിൽ വിശദീകരണമൊന്നും നൽകിയിട്ടില്ല.
ഇപ്പോഴിതാ, ഹൃത്വിക്കിന്റെ കുടുംബത്തിനൊപ്പം അവധി ദിനം ആഘോഷമാക്കിയിരിക്കുകയാണ് സബ. ഹൃത്വിക്കിന്റെ അങ്കിളും സംഗീത സംവിധായകനുമായ രാജേഷ് റോഷനാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ”സന്തോഷം എല്ലായ്പ്പോഴുമുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന്,” എന്നാണ് ചിത്രങ്ങൾക്കൊപ്പം രാജേഷ് റോഷന് കുറിച്ചത്.
സുശാന്ത് സിങ് നായകനായ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. 2008 ൽ പുറത്തിറങ്ങിയ ദിൽ കബാഡി സിനിമയിലൂടെയാണ് സബ ബോളിവുഡിലേക്കെത്തുന്നത്. 2011 ൽ പുറത്തിറങ്ങിയ ‘മുച്ഛേ ഫ്രണ്ട്ഷിപ് കരോംഗേ’ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ഫീൽസ് ലൈക്ക് ഇഷ്കി’ൽ സബ അഭിനയിച്ചിരുന്നു. സോണിലൈവിൽ സ്ട്രീമിങ് ചെയ്യുന്ന ‘റോക്കറ്റ് ബോയ്സ്’ എന്ന വെബ് സീരീസിലാണ് സബ ഇപ്പോൾ അഭിനയിക്കുന്നത്.
സൂസെയ്ൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായാണ് ഹൃത്വിക് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. 2000 ലാണ് ഹൃത്വിക്കും സൂസെയ്നും വിവാഹിതരാവുന്നത്. 2014 ൽ ഇരുവരും വിവാഹമോചിതരായി. ഇവർക്ക് ഹൃതാൻ, ഹൃഹാൻ എന്നീ രണ്ടു മക്കളുണ്ട്.
Read More: കാമുകി സബ ആസാദിന്റെ കൈപിടിച്ച് നടന്ന് ഹൃത്വിക് റോഷൻ; വീഡിയോ