സാഹോയ്ക്കായി തകര്‍ത്തത് 37കാറുകളും അഞ്ചു ട്രക്കുകളും. ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിലാണ് സാഹോയ്ക്കായി പ്രത്യേക ട്രക്കുകളും മറ്റും നിർമിച്ചത്. ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോയുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്. സാഹോ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.

പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മാത്രം വീഡിയോയ്ക്ക് ഏഴു ലക്ഷത്തിലധികം ലൈക്കും രണ്ടായിരത്തിലധികം കമന്റുമാണ് ചുരുങ്ങിയ സമയത്തിനുളളില്‍ ലഭിച്ചത്. പ്രദര്‍ശനം തുടങ്ങി വെറും പത്തു ദിവസത്തിനുളളിലാണ് പ്രഭാസിന്റെ രണ്ടാം ബിഗ് ബജറ്റ് ചിത്രം 400 കോടി ക്ലബില്‍ ഇടംനേടുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെളളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്. പ്രഭാസിന്റെ താരമൂല്യം ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ‘സാഹോ’ പത്ത് ദിവസം കൊണ്ടാണ് ചിത്രം റെക്കോർഡ് കളക്ഷൻ നേടിയത്.

ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ സഹോയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ്. ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തുപറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിർമിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇന്റലിജന്‍സ് അണ്ടര്‍ കവര്‍ പൊലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്.

Read more: ബാഹുബലി’യോ ‘സാഹോ’യോ വലിയ ചിത്രം? പ്രഭാസ് പറയുന്നു

റൊമാന്റിക് നായികയില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുളള മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധ കപൂര്‍ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടകമായി. ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook