ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് ആരാധകര്‍ക്കായി ഇന്നു തന്നെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

തെലുങ്ക് ചിത്രമായ സാഹോ സംവിധാനം ചെയ്യുന്നത് സുജീത്താണ്. 150 കോടി രൂപ മുതല്‍ മുടക്കി ഒരുങ്ങുന്ന ചിത്രം പ്രഭാസിന്റെ കരിയറിലെ മറ്റൊരു പ്രധാനചിത്രം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള പല ഓഫറുകളും നിരസിച്ചാണ് താരം ഈ ചിത്രത്തില്‍ കരാര്‍ ഒപ്പിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 30 കോടിയാണ് സിനിമയ്ക്കായി പ്രഭാസിന്റെ പ്രതിഫലം.

ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായിക. ശ്രദ്ധയെ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് മാറ്റാന്‍ തീരുമാനിച്ചത് ചര്‍ച്ചയായിരുന്നു. 12 കോടിയാണ് ചിത്രത്തിനായി ശ്രദ്ധ ആവശ്യപ്പെട്ടത്. എന്നാല്‍ 9 കോടി രൂപയ്ക്കാണ് ഒടുവില്‍ നടി കരാര്‍ ഒപ്പിട്ടത്. ജാക്കി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. നീല്‍ നിഥിന്‍ മുകേഷ് വില്ലന്‍ വേഷത്തിലെത്തുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരുമിച്ചാകും റിലീസ് ചെയ്യുക. മൂന്നു ഭാഷകളിലേയും ചേര്‍ത്താണ് പ്രതിഫലം. യുവി ക്രിയേഷന്‍സാണ് സാഹോ അവതരിപ്പിക്കുന്നത്.

ബാഹുബലിയുടെ റെക്കോർഡ് ഇതിനോടകം തന്നെ സാഹോ മറികടന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ