പുതിയൊരു വീട് പണിയാനുളള ഒരുക്കത്തിലാണ് സംവിധായകൻ എസ്.എസ്.രാജമൗലി. ഹൈദരാബാദിൽനിന്നും 200 കിലോമീറ്റർ അകലെയുളള നാൽഗൊണ്ടയിലെ കട്ടൻഗൂർ വില്ലേജിലാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം പണിയുന്നത്. വീടിന്റെ ഡിസൈൻ അടക്കമുളളവ ഏൽപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തും ആർട് ഡയറക്ടറുമായ രവീന്ദർ റെഡ്ഡിയെയാണെന്നാണ് റിപ്പോർട്ടുകൾ..

വീടിനു ചുറ്റും നിറയെ മരങ്ങൾ ഉണ്ടാകും. മാവ്, നാരകം, തെങ്ങ് തുടങ്ങിയ പല തരത്തിലുളള ഫല വൃക്ഷങ്ങൾ ഉണ്ടായിരിക്കുമെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു. എട്ടു മുറികൾ, ഒരു വലിയ ഹാൾ, തുറന്ന അടുക്കള എന്നിവ വീടിനുണ്ടായിരിക്കും. വീട്ടിൽ എല്ലാ സൗകര്യങ്ങളുമുണ്ടായിരിക്കും. പക്ഷേ ആഡംബരം നിറഞ്ഞ ഒന്നുമുണ്ടായിരിക്കില്ല. ബ്രൗൺ, മെറൂൺ, പച്ച എന്നീ നിറങ്ങളുടെ കോംപിനേഷനായിരിക്കും ഉപയോഗിക്കുക. തേക്കിന്റെ തടി ഉപയോഗിച്ചായിരിക്കും ഫർണിച്ചറുകൾ നിർമിക്കുക. ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്ന കല്ലുകൾ ഹംപിയിൽനിന്നും കൊണ്ടുവരും. 100 ഏക്കർ സ്ഥലമാണ് വീട് പണിയാനായി വാങ്ങിയിട്ടുളളതെന്നും റിപ്പോർട്ടിൽ പറയുന്നു.

ക്രിക്കറ്റ് മൈതാനം, വോളിബോൾ, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവയ്ക്കു പുറമേ കാരംസ് പോലുളള മറ്റു കളികൾക്കായി പ്രത്യേക സ്ഥലം ഒരുക്കും. വീടിനോടു ചേർന്ന് ഫാം ഹൗസും ഉണ്ടായിരിക്കും. കുടുംബത്തെ കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയാണ് രാജമൗലി. അവരോടൊപ്പം സമയം ചെലവഴിക്കാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്നതെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്.

ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണെങ്കിലും വളരെ സിംപിളായ വ്യക്തിയാണ് രാജമൗലി. പാർട്ടികളൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. കുടുംബത്തോടൊപ്പമായിരിക്കും കൂടുതൽ സമയവും. കുട്ടികളെ വളരെ ഇഷ്ടമാണ്. എന്നും പുലർച്ചെ നാലു മണിക്ക് ഉണരും. ചായയോ കാപ്പിയോ കുടിക്കാറില്ല. ജൂസുകളോടാണ് പ്രിയം. അധികം ഭക്ഷണം കഴിക്കാറില്ല. പക്ഷേ ചിക്കൻ വളരെ ഇഷ്ടമാണ്. ആഡംബര കാറുകളോ വലിയ അപാർട്ട്മെന്റുകളോ സ്വന്തമായി ഇല്ലാത്ത സംവിധായകൻ കൂടിയാണ് രാജമൗലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook