ഇന്ത്യ കണ്ട മികച്ച ഗായകരില്‍ ഒരാളായ എസ് പി ബാലസുബ്രമണ്യം (എസ് പി ബി) അന്തരിച്ചു. കോവിഡ്‌ ചികിത്സയ്ക്കായി ചെന്നൈ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എസ് പി ബി ചികിത്സാനന്തരം കോവിഡ്‌ മുക്തനാവുകയും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലം മരണമടയുകയും ആയിരുന്നു. എഴുപത്തിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്.

എസ് പി ബി എന്നത് സംഗീതപ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല. അതൊരു വികാരമായിരുന്നു, ആത്മാവിനോട് ചേര്‍ത്ത അനേകം ഗാനങ്ങള്‍ ആയിരുന്നു. പ്ലേബാക്കിലും ലൈവ് ആയും അദ്ദേഹം തീര്‍ത്ത സംഗീത മാധുരിയില്‍ എത്രയോ ലക്ഷം ആരാധകരുടെ സ്നേഹസന്തോഷങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ശബ്ദകലാകാരന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ നിറഞ്ഞാടിയ പ്രതിഭ. സൂപ്പര്‍സ്റ്റാര്‍ തലമുറകളുടെ തിളക്കത്തിന് മാറ്റ്കൂട്ടിയ ശബ്ദം. കോവിഡ്‌ ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകന്‍. എസ് പി ബി ഇനി ആരാധകമനസ്സിലെ ഓര്‍മ്മചിത്രം.

എസ് പി ബാലസുബ്രഹ്മണ്യം; സംഗീതജീവിതവഴികള്‍

മാസ്മരിക ശബ്ദത്താൽ സംഗീതപ്രേമികളുടെ മനസ്സു കവർന്ന ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. എന്നാൽ ഗായകൻ എന്ന വിശേഷണത്തിൽ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമല്ല എസ് പി ബിയുടേത്. സർവകലാവല്ലഭൻ എന്നു വരെ വിശേഷിപ്പിക്കാവുന്ന പ്രതിഭയായ എസ് പി ബി, സംഗീത സംവിധായകൻ, അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ്, സീരിയൽ അഭിനേതാവ്, ടെലിവിഷൻ അവതാരകൻ, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.16 ഇന്ത്യൻ ഭാഷകളിലായി 40000ത്തിലേറെ പാട്ടുകളാണ് അദ്ദേഹം പാടിയത്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ് പി ബിയുടെ പേരിലാണ്.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ൽ എസ് പി ബിയുടെ ജനനം. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് എസ് പിബിയുടെ യഥാർത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കൾ. സംഗീതത്തോട് ഏറെ താൽപ്പര്യം പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. എന്നാൽ മകനെ എഞ്ചിനീയർ ആയി കാണാൻ ആഗ്രഹിച്ച പിതാവ് എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന് അയക്കുകയാണ് ചെയ്തത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പിൽ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്. 1966-ൽ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ എന്ന ചിത്രത്തിൽ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. നാലു ഭാഷകളിലായി ആറു ദേശീയ പുരസ്കാരങ്ങളും അദ്ദേഹം നേടി. 25 തവണയാണ് ആന്ധ്ര പ്രദേശ് സർക്കാരിന്റെ നന്ദി അവാർഡ് എസ് പിബിയെ തേടിയെത്തിയത്. പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു.

ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെകോർഡിനൊപ്പം തന്നെ ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്​തും എസ്​.പി.ബി അത്​ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം. ​ രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെയാണ്​ കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്​. ഒരു ദിവസം 19 പാട്ടുകൾ റെക്കോർഡ് ചെയ്തും, പിന്നീടൊരിക്കൽ ഒരു ദിനം 16 ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.

എസ് പി ബിയുടെ സംഗീതലോകമോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ ‘മണ്ണിൽ ഇന്ത കാതൽ’ എന്നു തുടങ്ങുന്ന ഗാനമാവും. ഭൂമിയിൽ പ്രണയമുള്ള കാലത്തോളം ആഘോഷിക്കപ്പെട്ടേക്കാവുന്ന, മാജിക്കൽ സ്വഭാവമുള്ള ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനം എസ് പി ബിയുടെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന് കൂടിയാണ്. ‘ശങ്കരാഭരണ’ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പാട്ടുകൾ എസ് പി ബിയ്ക്ക് ദേശീയ അവാർഡും നേടി കൊടുത്തു. ശാസ്​ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് ‘ശങ്കരാഭരണ’ത്തിലെ ശാസ്​ത്രീയ ഗാനങ്ങൾ എല്ലാം എസ് പി ബി പാടിയത് എന്നതാണ് മറ്റൊരു വിസ്മയം.

സാവിത്രിയാണ് എസ് പി ബിയുടെ ഭാര്യ. എസ് പി ബി ചരൺ, പല്ലവി എന്നിവരാണ് മക്കൾ. മകൻ എസ് പി ബി ചരൺ അച്ഛന്റെ വഴി പിന്തുടർന്ന് സംഗീതലോകത്ത് എത്തി. ഗായകനെന്നതിനൊപ്പം നടനെന്ന രീതിയിലും ശ്രദ്ധേയനാണ് ചരൺ.

Read Here: SP Balasubrahmanyam: A voice that nurtured millions of hearts

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook