നാദവിസ്മയം എസ് ജാനകിയുടെ 82-ാം പിറന്നാളാണ് ഇത്. ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ തെന്നിന്ത്യയുടെ ഈ പൂങ്കുയിലിനു ജന്മദിനാശംസകൾ നേരുകയാണ്. മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയുടെ പിറന്നാൾ സന്ദേശം ശ്രദ്ധ നേടുകയാണ്. ഏറ്റവും പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് ചിത്ര നൽകിയ പിറന്നാൾ ആശംസയും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്, തെലുങ്കിലാണ് ആശംസ അറിയിച്ചിരിക്കുന്നത്. ആശംസകൾ നേർന്നുകൊണ്ട് ജാനകിയമ്മയുടെ ഒരു ഗാനവും ചിത്ര ആലപിക്കുന്നുണ്ട്.

1938–ൽ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ ഏപ്രിൽ 23 നു സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായിട്ടാണ് എസ് ജാനകിയുടെ ജനനം. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ച ജാനകി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌. 1957ൽ പത്തൊമ്പതാം വയസിൽ ‘വിധിയിൻ വിളയാട്ട് എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ തന്റെ അരങ്ങേറ്റം കുറിച്ചത്‌.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി അതിനു പുറമെ ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. വിവിധ ഭാഷകളിൽ ഇരുപതിനായിരത്തിലേറെ ഗാനങ്ങളാണ് ജാനകിയമ്മ ഇതുവരെ ആലപിച്ചിരിക്കുന്നത്. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്കും ജാനകി ശബ്ദം പകർന്നിട്ടുണ്ട്. നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരവും ജാനകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.

Read more: പാടാതിരിക്കാനാവുമോ ജാനകിയമ്മയ്ക്ക്: കെ എസ് ചിത്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook