ഗോവ: പേരിന്റെ പേരില്‍ വേട്ടയാടപ്പെട്ട സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ‘എസ് ദുര്‍ഗ’ തിങ്കളാഴ്ച്ച ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 6.00 മണിക്കാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുകയെന്ന് ജൂറി അംഗങ്ങള്‍ വ്യക്തമാക്കി. സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതിയുടെ പകര്‍പ്പും സെന്‍സര്‍ ചെയ്ത കോപ്പിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും സംവിധായകന്‍ ഹാജരാക്കിയതിന് പിന്നാലെയാണ് ഐഎഫ്എഫ്ഐ അധികൃതര്‍ വൈകിയെങ്കിലും പ്രതികരിച്ചത്.

സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കാനായി പേരുമാറ്റി,  ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, വാര്‍ത്താവിനിമയ മന്ത്രാലയം നേരിട്ട് ഇടപെട്ടുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിച്ചു, മന്ത്രാലയത്തിന്‍റെ തീരുമാനം റദ്ദുചെയ്തുകൊണ്ട് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചു. എന്നിട്ടും ഐഎഫ്എഫ്ഐ അനുകൂല നടപടി എടുത്തിരുന്നില്ല.

കഴിഞ്ഞയാഴ്ച്ചയാണ് ചിത്രത്തെ വിലക്കിയ കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിന്‍റെ തീരുമാനത്തെ റദ്ദുചെയ്തു കൊണ്ട് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നേരത്തെ എസ് ദുര്‍ഗ തടഞ്ഞുകൊണ്ടുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ജൂറി തലവന്‍ സുജോയ് ഘോഷ് രാജി വെച്ചിരുന്നു.
ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് ‘സെക്സി ദുര്‍ഗ’.

നാല്‍പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരമടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വെല്ലുവിളികളാണ് ചിത്രത്തിനു നേരെ ഇന്ത്യയില്‍ ഉയര്‍ന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ