സ്വയംപീഢകളുടെ ലഹരി അതില്‍ ഉന്മത്തരാവാന്‍ കഴിയാത്തവരില്‍ ഭയം ജനിപ്പിക്കും. പീഢാനുഭവങ്ങളുടെ വേദനകളിൽ സ്വയം രമിക്കുമ്പോൾ അതിന് പുറത്ത് നിൽക്കുന്നവരിൽ ആ അന്തരീക്ഷം, ഭയപ്പാടിന്റെ മിടിപ്പായിരിക്കും സൃഷ്ടിക്കുക. അത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരുതരം ഭയത്തിന്റെ ഇടവഴികളെ തുടക്കം മുതല്‍ അവസാന സീനില്‍ വരെ നിലനിര്‍ത്തിക്കൊണ്ടു പോകുന്ന അനുഭവമാണ്‌ എസ്.ദുർഗ്ഗ എന്ന സിനിമ. ഇരുണ്ട ഫ്രെയിമുകളും ഭീതി ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവും രാത്രി ഏറെ വൈകി ആണ്‍കൂട്ടത്തിന് ഇടയില്‍ പെടുന്ന ഒരു പെണ്ണിന്‍റെ കഥയും സിനിമയിലെ വാന്‍ വരെ അതില്‍ കൃത്യമായ ചേരുവ ആകുന്നുണ്ട്. എണ്‍പതുകളിലെ മലയാള സിനിമകളില്‍ വില്ലന്മാര്‍ സ്ഥിരമായി തട്ടിക്കൊണ്ടുപോകല്‍ പോലെയുള്ള വിക്രിയകള്‍ നടത്താന്‍ ഉപയോഗിച്ചിരുന്നത് വാന്‍ ആണ് .അങ്ങനെ മറ്റൊരു വാഹനത്തിനും കിട്ടാത്ത ഒരു ദുരൂഹത വാനിന് പതിച്ചു കിട്ടിയിട്ടുണ്ട്. ഭയത്തിന്റെ അടയാളങ്ങളെ ചലിപ്പിക്കുന്നിൽ സിനിമ സൂക്ഷ്മ ശ്രദ്ധ പുലർത്തുന്നത് വ്യക്തമായി കാണാം.

ഒരേ പേരുകാരായ രണ്ടു സ്ത്രീ രൂപങ്ങളെ ഒരു രാത്രിയില്‍ പുരുഷകേന്ദ്രീകൃത സമൂഹം നോക്കിക്കാണുന്നവിധം എന്ന് ‘ എസ് ദുർഗ്ഗ ‘ എന്ന സിനിമയെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം.

ചിത്രം ആരംഭിക്കുന്നത് നാല് കൈകളിലും ആയുധധാരിയായ ദേവീരൂപത്തെ അലങ്കരിക്കുന്ന ആണ്‍കൂട്ടങ്ങളില്‍ നിന്നാണ് . മുറുകുന്ന തകിൽ വാദ്യത്തിന്റെ അകമ്പടിയോടെ ചുവന്ന കച്ചമുറുക്കുന്ന ആണുങ്ങള്‍ ഭക്തിയുടെ പാരമ്യതയില്‍ തുള്ളിത്തുടങ്ങുന്നു .ഇത്തരം ആചാരങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളില്‍ പോയാലറിയാം ഭക്തിയുടെ ലഹരി മൂക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് അകമ്പടിയായി ഉയരുന്ന താളമേളങ്ങള്‍ ആണ് .സിനിമയിലും അത് കൃത്യമായി ആവിഷ്കരിച്ചിട്ടുണ്ട് .

s durga film review vishnuram
കാണിയിലേക്ക് തുടര്‍ന്നു വരുന്ന ശരീരം തുളച്ചു ശൂലം കയറ്റല്‍ ,ഗരുഡന്‍ തൂക്കം പോലുള്ള ദൃശ്യങ്ങളുടെ തീവ്രത പകരാന്‍ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട് .ഇത്തരം ആചാരങ്ങളോടു വിയോജിപ്പുള്ളവരുടെ മുഖം ചുളിച്ചു കൊണ്ട് ”എന്തിനാണ് ഇങ്ങനെയൊക്കെ?” എന്ന ചോദ്യം മനസ്സില്‍ വരുന്നതിനൊപ്പം അതിനൊരു ഉത്തരം എന്നോണം സ്ക്രീനിലെ കാഴ്ചകള്‍ പെട്ടെന്ന് തലകീഴായി മറിയുകയാണ്. മുകളില്‍ നിന്നും താഴേക്ക് ഞാന്നുകിടക്കുന്ന ഭക്തന്‍റെ കണ്ണിലൂടെ. പിന്നീട് ഇരുണ്ട റോഡിലേയ്ക്ക് ദൃശ്യം വഴിമാറുന്നു . ചെറിയൊരു വെളിച്ച കീറിലേയ്ക്ക് നായിക തോളില്‍ ഒരു ബാഗുമായി ആരെയോ കാത്തുനില്‍ക്കുകയാണ്. സിനിമ തുടക്കം മുതല്‍ പിന്തുടരുന്ന ഭീതിജനകമായ അന്തരീക്ഷം മാറാതെ തുടരുന്നുണ്ട്. ഇരുട്ടിനും പശ്ചാത്തലസംഗീതത്തിനും ഇടയ്ക്കിടയ്ക്ക് വിജനമായ റോഡിലൂടെ പോകുന്ന ആംബുലന്‍സ് ശബ്ദങ്ങളും അതിന്‍റെ ആക്കം കൂട്ടുന്നുണ്ട്.

അവള്‍ കാത്തുനിന്ന ആള്‍ വരികയും അവര്‍ ഒന്നിച്ചു വരുന്ന ഓരോ വാഹനത്തിനു നേര്‍ക്കും കൈ കാണിച്ചു ഒടുവില്‍ ഒരു വാഹനത്തില്‍ കയറി പറ്റുകയും ചെയ്യുന്നു . ആ വാഹനത്തിന്‍റെ ഉള്‍ഭാഗത്തെ കാഴ്ചകളില്‍ നിന്നും സിനിമയുടെ കൃത്യമായ ഒരു ചിത്രം പകര്‍ന്നു നല്‍കുന്നുണ്ട് . സാധാരണ വാഹനങ്ങളില്‍ മുന്‍ഭാഗത്ത് ഞാത്തി ഇടാറുള്ള അലങ്കാരവസ്തുക്കളുടെ സ്ഥാനത്ത് ഒരു മുറിച്ചെടുത്ത പെൺ പാവത്തലയാണ്. അതിനു താഴെ വര്‍ണ്ണബള്‍ബുകളുടെ പ്രകാശത്തില്‍ ഒരു ദേവീവിഗ്രഹവും കാണാം .പക്ഷെ പിന്നീട് വരുന്ന പൊലീസ് ചെക്കിങ് സീനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ” ഇതെന്നാ തലയാ …ആഹാ ദേവീം ഒക്കെ ഉണ്ടല്ലോ ” എന്ന് എടുത്ത് പറയുമ്പോ ആ വിഷ്വല്‍ നല്‍കിയ അനുഭവത്തിന്റെ ആഴത്തെ അലോസരപ്പെടുത്തി. വാഹനത്തില്‍ ഉള്ള രണ്ട് യുവാക്കളുടെയും സംസാരം നമ്മുടെ സമൂഹത്തിന്‍റെ മറ്റൊരു കാഴ്ചപ്പാടിന്റെ നേർ ആവിഷ്കാരമാണ് .

റോഡില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞു കഴിഞ്ഞു കാണുന്ന സ്ത്രീകള്‍ക്കൊക്കെയും ഒരു ‘വശപ്പിശക്’ ലക്ഷണം കല്‍പ്പിച്ചു നല്‍കുന്ന മലയാളി പിന്നെ അവരെ വീക്ഷിക്കുക മറ്റൊരു കണ്ണോടെയാണ് . ചേട്ടന്‍റെ പേര് കബീര്‍ ..ചേച്ചിയുടെ പേര് ദുർഗ്ഗ ..ദുർഗ്ഗയോടൊപ്പം ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ശിവനെയോ ബാലനെയോ നാരായണനെയോ ഒക്കെയാണ്. കബീര്‍ എങ്ങനെ ശരിയാകും .പിന്നീട് അങ്ങോട്ടുള്ള യാത്രയില്‍ ഉടനീളം ദുർഗ്ഗയെ വാക്കുകളിലൂടെ പീഡിപ്പിക്കുകയാണ്. ഒന്നിലധികം കഥാപാത്രങ്ങള്‍ അവരോടു ചോദിക്കുന്നുണ്ട് .
” നിങ്ങളെ ഞങ്ങള്‍ എന്തെങ്കിലും ചെയ്തോ ..
പിന്നെ എന്തിനാണ് പേടിക്കുന്നത് ? ”

ഒരാളെ അധിക്ഷേപിക്കാന്‍ കഴിയുന്നത് ശാരീരികമായി മാത്രമല്ല എന്നത് ഇതുപോലെയുള്ള ചോദ്യങ്ങളിലൂടെ വെളിപ്പെടുത്തുന്ന ചിത്രം പിന്നീടങ്ങോട്ട്‌ ഒരു ഏണിയും പാമ്പും കളി പോലെ കബീറിന്റെയും ദുർഗ്ഗ യുടെയും ദുരിതയാത്രയെ കാണിക്കുന്നു. അത് പോലെ യാത്രാമദ്ധ്യേ മൂത്രമൊഴിക്കണം എന്ന് പറയുന്ന നായിക വണ്ടിക്കുള്ളിലെ ആണ്‍കൂട്ടത്തിനു ചിരിക്കാനുള്ള വകയായി മാറുന്നുണ്ട് .ഈയടുത്ത് ഏറെ ചർച്ചയായ മുലയൂട്ടല്‍,വത്തക്ക വിവാദങ്ങള്‍ ഇതിനോട് ചേര്‍ത്ത് പറയേണ്ടതുണ്ട്. കാരണം കൂടുതല്‍ പേരും ഈ വിഷയങ്ങളെ തമാശയായി ആഘോഷിച്ചിട്ടുണ്ട്. അത് പോലെ പോൺ സൈറ്റുകളില്‍ ഒരുപാട് പേര്‍ കാണുന്നു എന്നടയാളപ്പെടുത്തുന്ന ഒളികാമറ ടോയ്ലറ്റ് ക്ലിപ്പുകള്‍. സ്ത്രീകള്‍ മൂത്രമൊഴിക്കുന്നത് പോലും ലൈംഗിക ആസ്വാദനത്തിന് ഉപയോഗിക്കുന്ന ഒരാള്‍ക്കൂട്ട സമൂഹമാണ് നമ്മളുടേത് എന്ന വസ്തുതയുടെ ചിത്രീകരണമാണത്.
ദുർഗ്ഗ എന്ന് പേരുള്ള ഒരു സ്ത്രീയെ ഒരു സംഘം ആണുങ്ങള്‍ ചുറ്റും ഇരുന്നു അവഹേളിച്ചു രസിക്കുമ്പോള്‍ അതേ റോഡിന്‍റെ മറ്റൊരു ഭാഗത്ത് ദാരികനെ വധിച്ച ദുർഗ്ഗ വിഗ്രഹത്തെ ആരാധനയോടെ ഒരു മഞ്ചലില്‍ ചുമന്നു ഒരു കൂട്ടം ആണുങ്ങള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയാണ്. പിന്നീടവര്‍ ദേവീപ്രീതിക്കായി തീക്കനലിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ഇരുട്ടിന്‍റെ ഒരു കോണില്‍ ഒരാഘോഷത്തിലെക്ക് എത്തിച്ചര്‍ന്ന വാനിലെ റോക്ക് മ്യൂസിക്കില്‍ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു മറ്റൊരു ദുർഗ്ഗയും അവളുടെ കബീറും.

s durga film review vishnuram,

സനല്‍ കുമാര്‍ ശശിധരന്‍ ചിത്രങ്ങളുടെ പ്രധാന മികവായി തോന്നിയിട്ടുള്ളത് ഒട്ടും കൃത്രിമത്വം തോന്നാത്ത ചിത്രീകരണമാണ് .അത് എസ് ദുർഗ്ഗയിലും കാണാം .അതോടൊപ്പം കാസ്റ്റിങ്. പേര് കേട്ട നടീനടന്മാരെ ഒഴിവാക്കി പുതിയ നടീനടന്മാരെ ഉള്‍പ്പെടുത്തുന്നതിലൂടെ സിനിമയ്ക്ക് കാണിയെ അതിശയിപ്പിക്കുന്ന ഒരു റിയാലിറ്റി അനുഭവം നല്‍കാനാവും .ഒഴിവുദിവസത്തെ കളിയിലെ രണ്ടു അഭിനേതാക്കൾ ഒഴികെ ബാക്കി എല്ലാവരും പുതിയ മുഖങ്ങളാണ് . അവര്‍ രണ്ടുപേരും ചിത്രത്തില്‍ മികച്ച പ്രകടനം കഴ്ച്ചവെചിട്ടുണ്ട് . രാജശ്രീ ദേശ്‌പാണ്ഡെ ‘ഹരം’ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയിട്ടുണ്ടെങ്കിലും ദുർഗ്ഗയുടെ റോള്‍ അവര്‍ മികച്ചതാക്കി.പേടിപ്പിക്കുന്ന അനുഭവങ്ങളില്‍ അലറിക്കരയുന്ന നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള പതിവ് നായികമാരെക്കള്‍ ഭാവാഭിനയത്തിലൂടെ ദുർഗ്ഗയുടെ നിസ്സഹായാവസ്ഥയും അസ്വസ്ഥതയും കൃത്യമായി അവര്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട് .

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ‘അസമയത്ത് എന്തിന് ആ പെൺകുട്ടി പുറത്തിറങ്ങി .അതുകൊണ്ടല്ലേ അങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നത്’ എന്ന് നിസാരമായി ആ സംഭവത്തെ നോക്കിക്കണ്ട്‌ ന്യായീകരിച്ച ഒരു കൂട്ടം അതേ രീതിയില്‍ തന്നെയാവും ഈ സിനിമയെ നോക്കിക്കാണുക. “സെക്സി ദുർഗ്ഗ” എന്ന പേര് തന്നെയാണ് സിനിമയ്ക്ക് കൃത്യമായി യോജിക്കുന്നത്. കാരണം ഒരേ സമയം ആദരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീത്വത്തെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ഇത്. സെക്സി എന്ന വാക്കിന്റെ പേരിലാണ് സിനിമ വിവാദത്തിനു കാരണമായതും. അതിലെ മൂന്ന് അക്ഷരങ്ങള്‍ ഭരണകൂടത്തിന്റെ ആണധികാരം റദ്ദാക്കിയപ്പോഴും അതിന് റദ്ദാക്കാൻ​പറ്റാത്ത തരത്തിൽ സിനിമ നമ്മുടെ മനോഭാവങ്ങളിലെ കാപട്യങ്ങൾ തുറന്നു കാണിക്കുന്നു. അതാണ്‌ ഈ സിനിമയുടെ പ്രസക്തിയും .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ