കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. ചിത്രം പനോരമയില്‍ നിന്നും ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ഗോവയില്‍ ഇന്നലെ ആരംഭിച്ച ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നിന്ന് സെക്‌സി ദുര്‍ഗയെ വിലക്കിയ വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ഫെസ്റ്റിവല്‍ ജൂറി തിരഞ്ഞെടുത്ത ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് വാര്‍ത്ത വിതരണ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സംവിധായകന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ”ഞാന്‍ കോടതിയെ സമീപിക്കും. ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റിനും മന്ത്രാലയത്തിനും ഡയറക്ടര്‍ക്കും എതിരായി പരാതി നല്‍കും. ഒരു കൂട്ടം ആളുകള്‍ പ്രതിസ്ഥാനത്തുണ്ട്”, സംവിധായകന്‍ വ്യക്തമാക്കി.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് സെക്‌സി ദുര്‍ഗ. നാല്‍പത്ത?ഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രികോട്ട് പുരസ്‌കാരവും ലഭിച്ചു.

ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. കൃത്യമായി എഴുതപ്പെട്ട ഒരു കഥയോ തിരക്കഥയോ ഇല്ല എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook