scorecardresearch

"പാർവ്വതിക്ക് രാഷ്ട്രീയ നിലപാടിൽ ആത്മാർത്ഥതയില്ല", വിമർശനവുമായി സനൽകുമാർ ശശിധരൻ

ആളുകൾ പറയുന്നത് കേട്ടാൽ പാർവ്വതി ഏതാണ്ട് ശബാനാ ആസ്മിയാണെന്ന് തോന്നുമെന്ന് പരിഹാസം

ആളുകൾ പറയുന്നത് കേട്ടാൽ പാർവ്വതി ഏതാണ്ട് ശബാനാ ആസ്മിയാണെന്ന് തോന്നുമെന്ന് പരിഹാസം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
"പാർവ്വതിക്ക് രാഷ്ട്രീയ നിലപാടിൽ ആത്മാർത്ഥതയില്ല", വിമർശനവുമായി സനൽകുമാർ ശശിധരൻ

കൊച്ചി: ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നിന്ന് എസ് ദുർഗയെ മാറ്റിനിർത്തിയ സംഭവത്തിൽ പാർവ്വതിക്കെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. പാർവ്വതിക്ക് തന്റെ രാഷ്ട്രീയ നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് പറഞ്ഞ സംവിധായകൻ, എന്തുകൊണ്ട് ഗോവ ചലച്ചിത്ര മേളയിൽ പുരസ്കാരം വാങ്ങിയ ശേഷം തന്റെ സിനിമയെ മാറ്റി നിർത്തിയതിനെ പറ്റി സംസാരിച്ചില്ലെന്നും ചോദിച്ചു.

Advertisment

മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ മലയാളത്തിലെ സിനിമ പ്രവർത്തകർ പ്രതികരിക്കാതിരുന്നതിനെ വിമർശിച്ചത്. "പാര്‍വതിയെന്ന നടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് കേട്ടാല്‍ ഇത്രയും രാഷ്ട്രീയ നിലപാട് ഉള്ള സ്ത്രീ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് തോന്നും. ഏതാണ്ട് ശബാനാ ആസ്മിയുടെ കൂടെ നിര്‍ത്തിയാണ് പറച്ചില്‍. ശരിക്കും അവര്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ നിലപാട് ഒക്കെ സത്യസന്ധമായിരുന്നെങ്കില്‍ ഗോവാ രാജ്യാന്തര മേളയില്‍ അവര്‍ സെക്‌സി ദുര്‍ഗയ്ക്ക് വേണ്ടി സംസാരിച്ചേനേ", സംവിധായകൻ പറഞ്ഞു.

"പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് ആഹ്ലാദമുണ്ട്. അവര്‍ അര്‍ഹിക്കുന്ന പുരസ്‌കാരം തന്നെയാണ്. ഭരണകൂടം നടത്തുന്ന ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചതിനെ വിമര്‍ശിക്കാനാകില്ല. നമ്മള്‍ കൂടി ഉണ്ടാക്കുന്നതാണ് ഭരണകൂടം. പക്ഷേ പുരസ്‌കാര വേദിയില്‍ ജൂറി തെരഞ്ഞെടുത്ത രണ്ട് സിനിമകളെ പുറത്താക്കിയതിനെതിരെ ഒരു വാചകം പാര്‍വതി പറഞ്ഞിരുന്നെങ്കില്‍ അവരുടെ രാഷ്ട്രീയ നിലപാട് ആത്മാര്‍ത്ഥമായിരുന്നുവെന്ന് വിശ്വസിക്കാമായിരുന്നു. സ്വന്തം സിനിമയുടെ സക്രീനിംഗിന് മുന്നോടിയായാണ് സംവിധായകന്‍ ലിജിന്‍ ജോസ് ഇതേ വേദിയില്‍ പ്രതികരിച്ചത്. അത് ചെറിയ കാര്യമേയല്ല", അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവയിലെ ചലച്ചിത്ര മേളയിൽ നിന്ന് സെക്സി ദുർഗ മാറ്റിവച്ചതിനെതിരെ പ്രതികരിക്കാൻ ആരുമുണ്ടായിരുന്നില്ലേയെന്ന ചോദ്യത്തിനായിരുന്നു സനൽകുമാറിന്റെ മറുപടി. "സുജോയ് ഘോഷ് ചെയര്‍മാനായ ജൂറി തന്നെ പ്രതിഷേധിച്ച് രാജിവച്ചത് വലിയ കാര്യമല്ലേ?", എന്നാണ് ഇതിന് സനൽകുമാർ മറുപടി നൽകിയത്.

Advertisment

"ഒറ്റപ്പെട്ട പിന്തുണകള്‍ ഉണ്ടായിരുന്നു. മലയാളത്തിലാണെങ്കില്‍ ആഷിക് അബു, ലിജോ പെല്ലിശേരി, മുരളി ഗോപി തുടങ്ങിയവരൊക്കെ പ്രതിഷേധമുയര്‍ത്തി. ചലച്ചിത്ര മേഖല ഒന്നടങ്കം പ്രതികരിക്കാത്തത് മൂലധന കേന്ദ്രീകൃതമായ ഒരു വ്യവസായം ഭരണകൂടത്തിന് വിധേയമാകുന്നതിന്റെ പ്രശ്‌നമായിട്ടാണ് ഞാന്‍ കാണുന്നത്", അദ്ദേഹം പറഞ്ഞു.

"നാളെ അവരുടെ സിനിമയുടെ സെന്‍സറിംഗില്‍ പ്രശ്‌നമുണ്ടാകരുത്, വേറെ ബുദ്ധിമുട്ടുണ്ടാകരുത് എന്നൊക്കെ കരുതിയാണ് മിണ്ടാതിരിക്കുന്നത്. കച്ചവട സിനിമയിലുള്ളവര്‍ക്ക് പ്രതികരിക്കുമ്പോള്‍ പലതിനെയും പേടിക്കണമല്ലോ, കോടിക്കണക്കിന് മുതല്‍മുടക്കുള്ള അവരുടെ പടം പെട്ടിയിലാകും. ചിലപ്പോ നാളെ ആരും അഭിനയിക്കാന്‍ വിളിക്കില്ല. അതല്ലെങ്കില്‍ സംവിധാനം ചെയ്യാന്‍ വിളിക്കില്ല", അദ്ദേഹം പറഞ്ഞു.

"അതുകൊണ്ടാണ് ഞാനെപ്പോഴും കച്ചവട സിനിമയും ആര്‍ട്ട് സിനിമയും രണ്ടാണെന്ന് പറയുന്നത്. കച്ചവട സിനിമയ്ക്ക് എപ്പോഴും ഒരു നിലപാട് എടുക്കാന്‍ പ്രയാസമായിരിക്കും. വേദിയൊക്കെ കിട്ടിയാല്‍ കച്ചവട സിനിമയെ പ്രതിനിധീകരിക്കുന്നവരൊക്കെ സെന്‍സേഷനലായി വലിയ വാചകമടിയൊക്കെ നടത്തും. ആരെയും നോവിക്കാത്ത ചില രാഷ്ട്രീയ പ്രസ്താവനകളുമുണ്ടാകും", അദ്ദേഹം പറഞ്ഞു.

Sexy Durga Parvathi Sanalkumar Sasidharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: